കൊറോണ പ്രതിസന്ധിയിൽ നട്ടം തിരിയുന്ന കേന്ദ്രസർക്കാർ രാജ്യത്തെ ക്ഷേത്ര സമ്പത്തിൽ നോട്ടമിടുന്നതായി സൂചന. പൊതുമേഖല സ്ഥാപനങ്ങളുടെ വില്പന ലോക്ക് ഡൗൺ മൂലം തടസ്സപ്പെട്ടിരിയ്ക്കുന്ന സാഹചര്യത്തിൽ ആണ് ക്ഷേത്രങ്ങളിലെ സമ്പത്ത് ഉപയോഗിക്കാൻ ആലോചിക്കുന്നത് എന്നാണ് റിപ്പോർട്ട്. അതിന് വേണ്ടി രാജ്യത്ത് സമ്പന്നമായ ക്ഷേത്രങ്ങളുടെ പട്ടിക ഉദ്യോഗസ്ഥർ തയ്യാറാക്കി കഴിഞ്ഞതായും പറയപ്പെടുന്നു.
കേരളത്തിൽ നിന്ന് ആദ്യ പട്ടികയിൽ ഉള്ളത് തിരുവനന്തപുരം ശ്രീപദ്മനാഭ സ്വാമി ക്ഷേത്രമാണെന്നാണ് സൂചന. ലക്ഷം കോടികളുടെ നിധി ശേഖരം ആണ് പദ്മനാഭ സ്വാമി ക്ഷേത്രം പട്ടികയിലുൾപ്പെടാൻ കാരണം. ഇത് സംബന്ധിച്ച് ക്ഷേത്രാധികാരികളുമായി ചർച്ച തുടങ്ങുന്നതിന് ബിജെപി സംസ്ഥാന ഘടകം മുൻകൈ എടുക്കണമെന്നാണ് പാർട്ടി ദേശീയ നേതൃത്വത്തിന്റെ നിർദേശം. അതുമായി ബന്ധപ്പെട്ട് സംസ്ഥാന പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഉന്നത നേതാക്കളുടെ ഒരു യോഗം കഴിഞ്ഞതായും ബിജെപി വൃത്തങ്ങൾ പറയുന്നു. ഇത് സംബന്ധിച്ച് ചർച്ച നടത്തേണ്ട വിവിധ വ്യക്തികൾ, സംഘടനകൾ എന്നിവയുടെ പട്ടികയും തയ്യാറാക്കിയതായി വിവരമുണ്ട്. തിരുവിതാംകൂർ കൊട്ടാരം, ക്ഷേത്ര ഭരണസമിതി, ജീവനക്കാരുടെ സംഘടനകൾ, മറ്റ് ഭക്തജന സംഘടനകൾ എന്നിവയുടെ പട്ടികയാണ് തയ്യാറാക്കിയിരിയ്ക്കുന്നത്. ഓരോ വിഭാഗത്തെയും കാണേണ്ട നേതാക്കളെ സംബന്ധിച്ച് അടുത്ത യോഗത്തിൽ തീരുമാനമായേക്കും.
ക്ഷേത്ര സമ്പത്ത് ബഹു. സുപ്രീം കോടതിയുടെ നിയന്ത്രണത്തിലാണ് ഉള്ളത്. ഇതെങ്ങനെ മറികടക്കും എന്ന ആശങ്ക സംസ്ഥാന നേതാക്കൾക്ക് ഉണ്ടെങ്കിലും മുൻകാല അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ ദേശീയ നേതൃത്വം അത് മറികടക്കും എന്ന ആത്മവിശ്വാസത്തിൽ ആണ് സംസ്ഥാനത്തെ ബിജെപി നേതൃത്വം. എന്നാൽ ശബരിമല വിഷയത്തിൽ എടുത്ത ആചാര സംരക്ഷണ നിലപാടിന് കടകവിരുദ്ധമാണ് ഇതെന്ന് ആക്ഷേപം ഒരു വിഭാഗം നേതാക്കൾ സ്വകാര്യമായി പങ്ക് വയ്ക്കുന്നുണ്ട്. എന്നാൽ ആർഎസ്എസ് നേതൃത്വം കൂടി അനുകൂലമാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ തല്ക്കാലം പ്രതികരിക്കേണ്ട എന്നാണ് അവരുടെ നിലപാട്. ഭക്തജനങ്ങളുടെ പ്രതികരണത്തിന് അനുസരിച്ച് കാര്യങ്ങൾ തീരുമാനിക്കാം എന്നാണ് അവർക്കിടയിലെ ധാരണ എന്നാണ് റിപോർട്ടുകൾ നൽകുന്ന സൂചന.