സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 21,499 പേർ നിരീക്ഷണത്തിലാണ്
അഡ്മിൻ
സംസ്ഥാനത്ത് ഇന്ന് ആശ്വാസദിനം. ആർക്കും തന്നെ കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. അതേസമയം 9 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. കണ്ണൂർ, കാസർഗോഡ് ജില്ലയിലെ 4 പേരുടെ വീതവും എറണാകുളം ജില്ലയിൽ നിന്നുള്ള ഒരാളുടെയും പരിശോധനാഫലമാണ് ഇന്ന് നെഗറ്റീവ് ആയത്. ഇതോടെ 392 പേരാണ് ഇതുവരെ കോവിഡിൽ നിന്നുംമുക്തി നേടിയത്. 102 പേരാണ് നിലവിൽ സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 21,499 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 21,067 പേർ വീടുകളിലും 432 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 106 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങൾ ഉള്ള 27,150 വ്യക്തികളുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ ലഭ്യമായ 26,225 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്. സെന്റിനൽ സർവയലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ തുടങ്ങിയ മുൻഗണനാ ഗ്രൂപ്പിൽ നിന്ന് 1862 സാമ്പിളുകൾ ശേഖരിച്ചതിൽ ലഭ്യമായ 999 സാമ്പിളുകൾ നെഗറ്റീവായി. സമൂഹത്തിൽ കോവിഡ് പരിശോധന ഊർജിതമാക്കുന്നതിന്റെ ഭാഗമായി 3128 സാമ്പിളുകൾ പരിശോധനയ്ക്കയച്ചു. 3089 എണ്ണം നെഗറ്റീവ് ആണ്. ഇതിൽ പോസിറ്റീവായ 4 ഫലങ്ങൾ നേരത്തെ പ്രഖ്യാപിച്ചിരുന്നു. പുന:പരിശോധനയ്ക്കായി നിർദേശിച്ച 14 സാമ്പിളുകൾ ലാബുകളിൽ പരിശോധിച്ച് വരികയാണ്. ഇതുകൂടാതെ ലാബുകൾ തിരസ്‌കരിച്ച 21 സാമ്പിളുകളും ലാബുകൾ പുന:പരിശോധനയ്ക്കായി നിർദേശിച്ചിട്ടുണ്ട്.
പുതുതായി 10 ഹോട്ട് സ്പോട്ടുകൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. കാസർഗോഡ് ജില്ലയിലെ ഉദുമ, മലപ്പുറം ജില്ലയിലെ മാറഞ്ചേരി, തിരുവനന്തപുരം ജില്ലയിലെ കുളത്തൂർ, പാറശാല, അതിയന്നൂർ, കാരോട്, വെള്ളറട, അമ്പൂരി, ബാലരാമപുരം, കുന്നത്തുകാൽ എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ. ഇതോടെ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 80 ആയി.