മുതിർന്ന ഉദ്യോഗസ്ഥന്‍റെ പേഴ്സണൽ സ്റ്റാഫംഗത്തിനാണ് കൊവിഡ് സ്ഥിരീകരിച്ചതെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന സൂചന

ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ഡൽഹിയിലെ സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (സിആർപിഎഫ്) ആസ്ഥാനം അടച്ചു. മുതിർന്ന ഉദ്യോഗസ്ഥന്‍റെ പേഴ്സണൽ സ്റ്റാഫംഗത്തിനാണ് കൊവിഡ് സ്ഥിരീകരിച്ചതെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന സൂചന.

സ്പെഷ്യൽ ഡയറക്ടർ ജനറൽ (എസ്ഡിജി) റാങ്കിലുള്ള ഉദ്യോഗസ്ഥന്‍റെ പേഴ്സണൽ സ്റ്റാഫംഗത്തിനാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിനെത്തുടർന്ന് കെട്ടിടം ശുദ്ധീകരിക്കുന്നതിനായാണ് ഓഫീസ് അടച്ചിട്ടത്.

നിലവിൽ ആർക്കും ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിലേക്ക് പ്രവേശനമില്ല. ഇനിയൊരു ഉത്തരവുണ്ടാകുന്നതു വരെയാണ് ഓഫീസ് അടച്ചിച്ചിരിക്കുന്നതെന്നാണ് സിആർപിഎഫ് വ്യക്തമാക്കിയിരിക്കുന്നത്. രണ്ട് ദിവസത്തിന് ശേഷം ഓഫീസ് തുറക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ഇയാളുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താൻ ആരംഭിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറയുന്നു. രാജ്യത്ത് ഇതുവരെ 39,980 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 1301 ആയും ഉയർന്നിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2600 ലധികം കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.

03-May-2020