2019 സിവില്‍ സര്‍വീസ് ബാച്ചുകാരിയായ ശ്രീധന്യ സുരേഷാണ് കോഴിക്കോട് അസി. കലക്ടറായെത്തുന്നത്.
അഡ്മിൻ
2016 ല്‍ മാനന്തവാടിയില്‍ സബ് കലക്ടര്‍ക്ക് ലഭിച്ച സ്വീകരണവും ആദരവും കണ്ടുനിന്ന ട്രൈബല്‍ വകുപ്പിലെ ഒരു ജീവനക്കാരിയുണ്ടായിരുന്നു. ആ ചടങ്ങ് കണ്ട് ഐഎഎസ് എന്ന മോഹമുദിച്ച പെണ്‍കുട്ടി നാലു വര്‍ഷത്തിനിപ്പുറം അതേ വ്യക്തിയുടെ കീഴില്‍ അസി. കലക്ടര്‍. 2019 സിവില്‍ സര്‍വീസ് ബാച്ചുകാരിയായ ശ്രീധന്യ സുരേഷാണ് കോഴിക്കോട് അസി. കലക്ടറായെത്തുന്നത്.
കലക്ടര്‍ സാംബശിവറാവു മാനന്തവാടിയില്‍ സബ് കലക്ടറായിരിക്കുമ്പോള്‍ ട്രൈബല്‍ വകുപ്പില്‍ ജീവനക്കാരിയായിരുന്നു ശ്രീധന്യ. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളാണ് സിവില്‍ സര്‍വീസിലേക്കുള്ള വഴികാട്ടിയത്. കുറിച്യര്‍ വിഭാഗത്തില്‍നിന്ന് സിവില്‍ സര്‍വീസ് നേടുന്ന ആദ്യ വ്യക്തിയാണ് വയനാട് പൊഴുതന ഇടിയംവയല്‍ സുരേഷ് ---കമല ദമ്പതികളുടെ മകള്‍ ശ്രീധന്യ.
ജീവിത പ്രാരബ്ധങ്ങളോട് പടവെട്ടിയാണ് ഈ യുവതി ഭരണചക്രം തിരിക്കാനെത്തുന്നത്. പഠനത്തിനായി പത്രം വാങ്ങാന്‍ പോലും ശേഷിയില്ലായിരുന്നു അച്ഛനമ്മമാര്‍ക്ക്. സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് പോകാനുള്ള ചെലവിന് കടം വാങ്ങേണ്ടി വന്നു. ദാരിദ്ര്യം നിറഞ്ഞ ചുറ്റുപാടുകളെ അതിജീവിച്ചാണ് സിവില്‍സര്‍വീസ് നേടിയത്.
മസൂറിയില്‍ പരിശീലനത്തിന്റെ ഭാഗമായുള്ള പരീക്ഷയുടെ തയ്യാറെടുപ്പിനിടെയാണ് നിയമന ഉത്തരവ് ലഭിച്ചത്. വൈകാതെ തിരുവനന്തപുരത്തെത്തും. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രണ്ടാഴ്ച കഴിഞ്ഞേ കോഴിക്കോട്ട് ചുമതലയെടുക്കാനെത്തൂ.