രാമന്തളിയില്‍ അതിഥി തൊഴിലാളികളെ തെരുവിലിറക്കി സംഘർഷമുണ്ടാക്കാൻ ശ്രമിച്ച സംഭവത്തിൽ മുസ്ലിംലീഗ് പ്രവർത്തകർക്കും കരാറുകാരനുമെതിരെ പൊലീസ് കേസെടുത്തു. നാവിക അക്കാദമിയിൽ തൊഴിലാളികളെ എത്തിക്കുന്ന കരാറുകാരൻ തൃശൂരിലെ മുഹമ്മദ് ഷെയ്ഖ്, മുസ്ലിംലീഗ് പ്രവർത്തകരായ ജലീല്‍ രാമന്തളി, പി എസ് ഷാനിദ്, ഖമറുദ്ദീന്‍ ഉസ്മാന്‍, കെ സി സമീര്‍, ഇസ്മയില്‍ ബിന്‍ ഇബ്രാഹിം വടക്കുമ്പാട്, അബ്ദുള്‍ നാസര്‍ ഹംസ, മുഫസില്‍ ബിന്‍ മന്‍സൂര്‍, ഇസ്മയില്‍, തല്‍ഹ അബ്ദുള്‍ ഗഫൂര്‍, ആസിഫ്, റസാഖ് എന്നിവര്‍ക്കെതിരെയാണ് കേസ്.
വ്യാജ വാർത്ത പ്രചരിപ്പിച്ച രാമന്തളി ന്യൂസ്, രാമന്തളി കൂട്ടായ്മ വാട്‌സ് ആപ് ഗ്രൂപ്പുകള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. കലാപശ്രമത്തിനും പകര്‍ച്ചവ്യാധി നിരോധന നിയമപ്രകാരവുമാണ് കേസ്. വ്യാഴാഴ്ച രാവിലെയാണ് തമിഴ്നാട് സ്വദേശികളായ 30 തൊഴിലാളികൾ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. കരാറുകാരൻതന്നെയാണ് ഇത് മൊബൈലിൽ പകർത്തി നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. പിന്നീട് പ്രചരണം മുസ്ലിംലീഗ് പ്രവർത്തകർ ഏറ്റെടുത്തു. രാമന്തളി പഞ്ചായത്ത് സെക്രട്ടറി നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. പയ്യന്നൂരിലും സമാനമായ രീതിയിൽ അതിഥി തൊഴിലാളികളെ സംഘടിപ്പിച്ച് മാർച്ച് നടത്താനുള്ള ശ്രമം നാട്ടുകാർ തടഞ്ഞിരുന്നു. ഇതെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.