മൂന്നാംഘട്ടം വന്നാലും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി
അഡ്മിൻ
കേരളത്തിൽ കോവിഡ് 19 രോഗം സ്ഥിരീകരിച്ചിട്ട് നൂറ് ദിവസം പിന്നിട്ടപ്പോൾ ഇനി ചികിത്സയിലുള്ളത് 16 പേർ മാത്രം. ജനുവരി 30ന് വിദേശത്ത് നിന്ന് കേരളത്തിലെത്തിയ വിദ്യാർഥിക്കാണ് രാജ്യത്ത് തന്നെ ആദ്യമായി കോവിഡ് സ്ഥിരീകരിച്ചത്. ആ തുടക്ക ഘട്ടത്തിൽ തന്നെ രോഗം മറ്റുള്ളവരിലേക്ക് പടരുന്നില്ലെന്ന് ഉറപ്പാക്കാനായി. പിന്നീട് മാർച്ച് ആദ്യവാരമാണ് കോവിഡിന്റെ രണ്ടാംവരവ്. രണ്ടു മാസങ്ങൾക്കിപ്പുറം രോഗത്തിന്റെ ഗ്രാഫ് സമനിലയിലാക്കാൻ കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
രോഗസൗഖ്യത്തിന്റെ നിരക്ക് ലോകത്തെ തന്നെ മികച്ച നിലയിലാണ്. ഈ ഘട്ടത്തിലാണ് കേരളത്തിന് പുറത്തും വിദേശത്ത് നിന്നുമുള്ളവരെ സ്വീകരിക്കാൻ ഒരുങ്ങുന്നത്. ഇതിനായി എല്ലാ സന്നാഹങ്ങളും ഒരുക്കിയിട്ടുണ്ട്. ഇനി ഒരു മൂന്നാംവരവ് ഉണ്ടാകാതിരിക്കാനുള്ള നടപടികളാണ് ചെയ്യുന്നത്. ഇനി മൂന്നാംവരവ് ഉണ്ടായാൽതന്നെ അതിനെ നേരിടാനും അതിജീവിക്കാനും കേരളം സജ്ജമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നിലവിൽ ആശ്വാസകരമാണെങ്കിലും ഇനിയുള്ള നാളുകളും പ്രധാനമാണ്. കരുതലോടെയും ഐക്യത്തോടെയുമാണ് ഇനി ഇടപെടേണ്ടത്. ഇതുവരെ ഉണ്ടായിരുന്ന മാതൃകാപരമായ സഹകരണം പൊതുസമൂഹത്തിൽ നിന്ന് വർധിച്ചതോതിൽ ഉണ്ടാകേണ്ട ഘട്ടമാണ് ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു.