ഏപ്രിൽ മൂന്നിന് മരിച്ച യുവഗായിക ഹെലിൻ ബോലെക്കിനൊപ്പമാണ് ഇബ്രാഹിം നിരാഹാരസമരം ആരംഭിച്ചത്
അഡ്മിൻ
പാട്ടുപാടാൻ സ്വാതന്ത്ര്യത്തിനുവേണ്ടി 324 ദിവസം നീണ്ട നിരാഹാര സമരത്തിനൊടുവിൽ തുർക്കിയിലെ ഗ്രൂപ് യോറം സംഗീത ബാൻഡിലെ ജാസ്–-ഗിറ്റാർ വായനക്കാരൻ ഇബ്രാഹിം ഗോക്‌ചെക്കും രക്തസാക്ഷിത്വം വരിച്ചു. 288 ദിവസം നീണ്ട നിരാഹാരസമരത്തിനൊടുവിൽ ഏപ്രിൽ മൂന്നിന് മരിച്ച യുവഗായിക ഹെലിൻ ബോലെക്കിനൊപ്പമാണ് ഇബ്രാഹിം നിരാഹാരസമരം ആരംഭിച്ചത്. ഹെലിൻ മരിച്ച് മൂന്നാഴ്‌ച കഴിഞ്ഞ്, 297 ദിവസമായി നിരാഹാരത്തിലായിരുന്ന രാഷ്‌ട്രീയ തടവുകാരൻ മുസ്‌തഫ കോചാക്കും മരിച്ചിരുന്നു.
ഇടതുപക്ഷ റെവല്യൂഷണറി പീപ്പിൾസ് ലിബറേഷൻ പാർടിയുമായി(ഡിഎച്ച്‌കെപിസി) ബന്ധമുണ്ടെന്ന് ആരോപിച്ചാണ് തുർക്കി–-കുർദ് വിപ്ലവ–-നാടോടി ഗായകസംഘമായ ഗ്രൂപ് യോറത്തെ തുർക്കിയിലെ ഇസ്ലാമികവാദി സർക്കാർ നിരോധിച്ചത്. കഴിഞ്ഞവർഷമാദ്യം സംഘത്തിലെ ഏഴുപേരെ തടവിലാക്കിയ സർക്കാർ നിരാഹാരസമരത്തെ തുടർന്ന് ഹെലിനും ഇബ്രാഹിമും അടക്കം മൂന്നുപേരെ നവംബറിൽ വിട്ടയച്ചിരുന്നു. എന്നാൽ, ഇബ്രാഹിമിന്റെ ഭാര്യയടക്കം മറ്റുള്ളവരെയും വിട്ടയക്കണമെന്നും ബാൻഡിന്റെ നിരോധനം നീക്കണമെന്നും ആവശ്യപ്പെട്ട് ഇവർ നിരാഹാരം തുടരുകയായിരുന്നു.
നീതിന്യായമന്ത്രാലയവും പ്രതിപക്ഷ കക്ഷികളായ പീപ്പിൾസ് ഡെമോക്രാറ്റിക് പാർടി, കെമാലിസ്‌റ്റ് പീപ്പിൾസ് റിപ്പബ്ലിക്കൻ പാർടി തുടങ്ങിയവയുമായി നടത്തിയ ചർച്ചയിൽ ചില ധാരണകളിലെത്തിയതിനെ തുടർന്ന് ചൊവ്വാഴ്‌ച നിരാഹാരസമരം അവസാനിപ്പിച്ച ഇബ്രാഹിമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ, മരണം ഉറപ്പായ വേളയിലാണ് ഒത്തുതീർപ്പായത്. തുർക്കിയിൽ വിവിധ ഭാഗങ്ങളിൽ സംഗീതപരിപാടി നടത്താൻ അനുവാദം തേടി അപേക്ഷ നൽകുമെന്നും പോരാട്ടം തുടരുമെന്നും ഗ്രൂപ് യോറം വക്താവ് അറിയിച്ചു.