ഒരാൾ കോഴിക്കോടും ഒരാൾ കൊച്ചിയിലും

സംസ്ഥാനത്ത്‌ ഇന്ന്‌ രണ്ട്‌ പേർക്ക്‌ കൂടി കോവിഡ്‌ സ്ഥിരീകരിച്ചു. ഒരാൾ കോഴിക്കോടും ഒരാൾ കൊച്ചിയിലും ചികിത്സയിലാണ്‌. രണ്ടുപേരും കഴിഞ്ഞദിവസം വിദേശത്തുനിന്ന്‌ വിമാനത്തിൽ എത്തിയവാരാണ്‌. ദുബായിയില്‍നിന്ന് കോഴിക്കോട്ടും അബൂദാബിയില്‍നിന്ന് കൊച്ചിയിലും എത്തിയവര്‍ക്കാണ് രോഗബാധ. മുഖ്യമന്ത്രി പിണറായി വിജയനാണ്‌ ഇക്കാര്യം അറിയിച്ചത്‌.

രോഗം സ്ഥിരീകരിച്ച് ഇടുക്കിയിൽ ചികിത്സയിലായിരുന്ന ഒരാൾ ഇന്ന് നെഗറ്റീവായി. വിദേശത്ത് നിന്നും മറ്റ് സംസ്ഥാനത്ത് നിന്ന് വരുന്നവരും അവർക്ക് വേണ്ടിയുള്ള സുരക്ഷാ സംവിധാനങ്ങളും പൂർണ്ണ ജാഗ്രതയോടെ തുടരണം. ലോകത്ത് എവിടെ കുടുങ്ങിയ കേരളീയരെയും നാട്ടിലെത്തിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധം. പ്രവാസികളെ തിരിച്ചെത്തിക്കാനുള്ള തയ്യാറെടുപ്പാണ് സർക്കാർ നടത്തുന്നത്. കേന്ദ്ര സർക്കാരുമായി നിരന്തരണം ആശയവിനിമയം നടത്തിയാണ് നാം മുന്നോട്ട് പോകുന്നത്.

വിദേശത്ത് നിന്ന് വരുന്നവരുടെ മുൻഗണനാ ക്രമം തയ്യാറാക്കുന്നതും മറ്റ് കാര്യങ്ങൾ തീരുമാനിക്കുന്നതും യാത്രാ സൗകര്യം ഏ‍ർപ്പെടുത്തുന്നതും ചിലവിടാക്കുന്നതും കേന്ദ്രസർക്കാരാണ്. നാട്ടിലെ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നത് സംസ്ഥാനമാണ്. കേരളത്തിൽ തിരിച്ചെത്തുന്ന പ്രവാസികൾക്കായി സൗകര്യം ഒരുക്കാൻ ജില്ലകളിൽ നോഡൽ ഓഫീസർമാരെ നിയോഗിച്ചിട്ടുണ്ട്.

പ്രവാസികളെ വിമാനത്താവളത്തിലെ വൈദ്യ പരിശോധനയ്ക്ക് ശേഷം കെഎസ്ആർടിസി ബസിൽ പ്രത്യേക കേന്ദ്രത്തിൽ എത്തിക്കുന്നുണ്ട്. ഓരോ കേന്ദ്രത്തിലും ഒരു ഡോക്‌ട‌ർ വീതം വൈദ്യ സഹായം ഉണ്ട്. ഇവയുടെ നടത്തിപ്പ് ചുമതല തദ്ദേശ സ്ഥാപനങ്ങൾക്കാണ്. മേൽനോട്ടത്തിന് ഹെൽത്ത് ഇൻസ്പെക്‌ട‌ർമാരെയും നിയമിച്ചിട്ടുണ്ട്. ആംബുലൻസ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇതിനായി സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് ഏപ്രിൽ ഒന്ന് മുതൽ 13.45 കോടി അനുവദിച്ചു.

കേരളത്തിലോ ഇന്ത്യയിൽതന്നെയോ രോഗം നിയന്ത്രിതമായാൽ മാത്രം നാം സുരക്ഷിതമാകില്ല. കോവിഡ്–19 കേസ് സ്ഥിരീകരിച്ച ഒരു രാജ്യവും പൂർണമായി അതിജീവിച്ചിട്ടില്ല. ദിവസേന പുതിയ കേസുകൾ എല്ലാ രാജ്യത്തും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ലോകത്താകെയുള്ള കോവിഡ് ബാധിതരുടെ എണ്ണം 38,20,000 ആണ്. 2,64,000 ത്തോളം പേർ മരിച്ചു. രാജ്യത്ത് രോഗമുള്ളവരുടെ എണ്ണം നാൽപതിനായിരത്തോട് അടുക്കുന്നു. മരണസംഖ്യ രാവിലത്തെ കണക്ക് അനുസരിച്ച് 1981 ആണ്. തമിഴ്‌നാട്ടിൽ രോഗികളുടെ എണ്ണം 6,000 കവിഞ്ഞു. മരണം 40 ആയി. കർണാടകത്തിൽ 783 രോഗികളും 33 മരണങ്ങളുമുണ്ട്. കൂടുതൽ പ്രവാസി മലയാളികളുള്ള സംസ്ഥാനമായ മഹാരാഷ്ട്രയിൽ രോഗമുള്ളവരുടെ എണ്ണം 20,000 ത്തോട് അടുക്കുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് നാം കോവിഡിനെ പ്രതിരോധിക്കുന്നത്. അതുകൊണ്ടു തന്നെ മടങ്ങിയെത്തുന്ന പ്രവാസികളുടെ ആരോഗ്യം സംരക്ഷിക്കുന്നതും രോഗവ്യാപനം തടയുന്നതും ഏറ്റവും പ്രധാന ചുമതലയായി ഏറ്റെടുക്കുന്നു.

സർക്കാർ കെയർ സെന്ററിലും വീട്ടിലും കഴിയുന്നവരെ ആരോഗ്യ പ്രവർത്തകർ ബന്ധപ്പെടും. ബുദ്ധിമുട്ടുണ്ടെങ്കിൽ ഇവർക്കു ബന്ധപ്പെടാൻ നമ്പരും നൽകി. സർക്കാർ കെയർ സെന്ററിൽ ആരോഗ്യ പ്രവർത്തകരുടെ സേവനം 24 മണിക്കൂറും ഉറപ്പ് വരുത്തിയിട്ടുണ്ട്. കോവിഡ് ആശുപത്രികളുടെ നിയന്ത്രണത്തിലാണ് ഓരോ കെയർ സെന്ററും. നിരീക്ഷണത്തിലുള്ളവർക്ക് കോവിഡ്–19 ഇ–ജാഗ്രത ആപ്പും തയാറാക്കിയിട്ടുണ്ട്. രോഗലക്ഷണം ഉണ്ടെങ്കിൽ വിഡിയോ കോൾ വഴി ഡോക്ടർമാർ ബന്ധപ്പെടും. ചെറിയ ലക്ഷണങ്ങൾ ഉള്ളവർക്ക് ടെലി മെഡിസിൻ വഴി മരുന്ന് കുറിച്ച് എത്തിച്ചു നൽകും.

09-May-2020