സമൂഹത്തിലെ എല്ലാ തലത്തിലുമുള്ളവരുടെ അഭിപ്രായങ്ങള്‍ ഉള്‍ക്കൊണ്ടാണ് 20 ലക്ഷം കോടിയുടെ പാക്കേജെന്നും സാമ്പത്തിക പുനരുജ്ജീവനത്തിനുള്ള സമഗ്രകാഴ്ചപ്പാട് ഉള്‍ക്കൊണ്ടാണ് പാക്കേജിന് രൂപം നല്‍കിയതെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍. കോവിഡ് പ്രതിസന്ധിയെ നേരിടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ സാമ്പത്തിക ഉത്തേജക പാക്കേജിന്റെ വിശദാംശങ്ങള്‍ വിവരിക്കുകയായിരുന്നു കേന്ദ്ര ധനമന്ത്രി.
ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കായി ഈടില്ലാതെ മൂന്ന് ലക്ഷം കോടി വായ്പ ലഭ്യമാക്കുമെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു. ടിഡിഎസ്, ടിസിഎസ് നിരക്ക് 25 ശതമാനം കുറച്ചതായും ധനമന്ത്രി അറിയിച്ചു. പുതിയ നിരക്ക് നാളെ മുതല്‍ പ്രാബല്യത്തില്‍ വരും
* ചെറുകിട നാമമാത്ര വ്യവസായങ്ങള്‍ക്ക് മൂന്നു ലക്ഷം കോടി രൂപയുടെ വായ്പ നല്‍കും. .
* വായ്പാ കാലാവധി നാലു വര്‍ഷമാക്കും. ഈട് ആവശ്യമില്ല. ഒരു വര്‍ഷത്തേക്ക് തിരിച്ചടവിന് മോറട്ടോറിയം നല്‍കും.
* 100 കോടി രൂപ വരെ വിറ്റുവരവുള്ള സ്ഥാപനങ്ങള്‍ക്കാണ് വായ്പ ലഭിക്കുക.
* 45 ലക്ഷം വ്യവസായ സ്ഥാപനങ്ങള്‍ക്ക് വായ്പ ലഭിക്കും.
* ഒക്ടോബര്‍ 31 വരെ വായ്പയ്ക്ക് അപേക്ഷിക്കാം.
* 41 കോടി ജനങ്ങള്‍ക്കായി ഇതുവരെ 52,606 കോടി രൂപ നല്‍കി
* സൂഷ്മ ഇടത്തരം ചെറുകിട വ്യവസായങ്ങളുടെ നിര്‍വചനം പരിഷ്‌കരിച്ചു.
* പ്രതിസന്ധിയിലായ ചെറുകിട വ്യവസായങ്ങള്‍ക്ക് 2000 കോടി
* തകര്‍ച്ചയിലായ ചെറുകിട വ്യവസായങ്ങള്‍ക്ക് കൂടുതല്‍ മൂലധനം.
* പ്രതിസന്ധിയിലായ ചെറുകിട വ്യവസായങ്ങള്‍ക്ക് വായ്പാ രൂപത്തിലാകും മൂലധനം ലഭിക്കുക
* ഒരു കോടി വരെ നിക്ഷേപവും അഞ്ചു കോടി വിറ്റുവരവും ഉള്ള സ്ഥാപനങ്ങള്‍ മൈക്രോ വിഭാഗത്തില്‍ പെടും. 10 കോടി നിക്ഷേപവും 50 കോടി വിറ്റുവരവുമുള്ള സ്ഥാപനങ്ങള്‍ ചെറുകിട എന്ന വിഭാഗത്തിലും 20 കോടി നിക്ഷേപവും 100 കോടി വിറ്റുവരവും ഉള്ള സ്ഥാപനം ഇടത്തരം എന്ന വിഭാഗത്തിലും പെടും.
രാജ്യത്തെ അഭിസംബോധന ചെയ്യവേ ചൊവ്വാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചത്.