വെള്ളനിറമുള്ള വസ്ത്രങ്ങളിലേക്ക് മാറും

കൊവിഡ് 19 ഭീഷണി അവസാനിക്കുന്നതുവരെ സുപ്രീംകോടതി അഭിഭാഷകര്‍ക്ക് പുതിയ ഡ്രസ് കോഡ്. കറുത്ത കോട്ടും ഗൗണും ഒഴിവാക്കി വെള്ളനിറമുള്ള വസ്ത്രങ്ങളിലേക്ക് മാറാനാണ് അഭിഭാഷകരോട് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍, മുന്‍കരുതലെന്ന നിലയില്‍ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ അഭിഭാഷകര്‍ വെള്ള നിറത്തിലുള്ള വസ്ത്രങ്ങള്‍ അണിഞ്ഞുവേണം കോടതിയില്‍ ഹാജരാകാന്‍ എന്നാണ് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്. കൊവിഡ് 19 ഭീഷണി അവസാനിക്കുന്നതു വരെയാകും ഈ മാറ്റം.

കറുത്ത കോട്ടിനും ഗൗണിനും പകരം വെള്ള ഷര്‍ട്ട്, വെള്ള സല്‍വാര്‍ കമ്മീസ്, വെള്ള സാരി എന്നിവയാകും ഇനി സുപ്രീംകോടതിയിലെ അഭിഭാഷകരുടെ വേഷം.
കറുത്ത കോട്ടും ഗൗണും ശുചിയായി സൂക്ഷിക്കാന്‍ പ്രയാസമാണ്. ആയതിനാല്‍ ഈ വസ്ത്രങ്ങള്‍ അണിയുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ് തീരുമാനമെന്നും ഒരു പൊതുതാല്പര്യ ഹര്‍ജിയില്‍ വാദം കേള്‍ക്കവേ ചീഫ് ജസ്റ്റിസ് പറഞ്ഞതായി ദേശീയ മാധ്യമമായ എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു

13-May-2020