പൊലീസ് നിർദേശം മറികടന്നാണ് കോൺഗ്രസ് നേതാക്കളും ജനപ്രതിനിധികളും സ്വീകരണം സംഘടിപ്പിച്ചത്.
അഡ്മിൻ
കർണാടകത്തിലെ ഹോട്ട്‌സ്‌പോട്ടിൽനിന്നുൾപ്പെടെ എത്തിയ കോൺഗ്രസ് അനുഭാവികൾ ഉൾപ്പെട്ട സംഘത്തിന് സാമൂഹ്യ അകലം പാലിക്കാതെ കോൺഗ്രസ് നേതാക്കളുടെയും ജനപ്രതിനിധികളുടെയും സ്വീകരണം. കുമളിയിൽ കേരള പൊലീസിന്റെ ചെക്‌പോസ്‌റ്റ് മറികടന്ന് തമിഴ്‌നാട് അതിർത്തിയിലെത്തിയാണ് സ്വീകരണം സംഘടിപ്പിച്ചത്. കർണാടകയിൽനിന്ന് ഇവർ ബസിൽ എത്തിയതും മാനദണ്ഡങ്ങൾ മറികടന്നാണ്.
കോൺഗ്രസിന്റെ കുമളി മണ്ഡലം പ്രസിഡന്റും പഞ്ചായത്തംഗവുമായ ബിജു ദാനിയേൽ, മുൻ പഞ്ചായത്തംഗം റോബിൻ കാരക്കാട്ട്, കോൺഗ്രസ് പ്രവർത്തകനായ മജോ കാരിമുട്ടം എന്നിവരുടെ നേതൃത്വത്തിലാണ് ആളുകളെ സ്വീകരിച്ചത്.
കർണാടകയിലെ വിവിധ പ്രദേശങ്ങളിൽ ജോലിചെയ്യുന്ന കോൺഗ്രസ് അനുഭാവികളായവർ ബസിൽ തിങ്ങിനിറഞ്ഞാണ് ചൊവ്വാഴ്ച രാവിലെ കുമളിയിലെത്തിയത്. ബംഗളൂരുവിൽനിന്ന് കമ്പം തേനി വഴി എത്തിയ ബസ് തമിഴ്‌നാട് അതിർത്തിയിൽ യാത്ര അവസാനിപ്പിച്ചു. ഈ സമയം കേരള ചെക്‌പോസ്‌റ്റിനടുത്ത്‌നിന്ന കോൺഗ്രസ് നേതാക്കൾ കേരള അതിർത്തിയിൽനിന്ന് 100 മീറ്റർ അകലെ തമിഴ്നാട് ഭാഗത്തെത്തി ഷാളണിയിച്ച് സ്വീകരിക്കുകയായിരുന്നു. പകർച്ചവ്യാധി വ്യാപന നിരോധന നിയമപ്രകാരം കേസെടുക്കേണ്ട കുറ്റമാണ് ഇതെന്ന് ആരോഗ്യവിദഗ്‌ധർ പറഞ്ഞു. പൊലീസ് നിർദേശം മറികടന്നാണ് കോൺഗ്രസ് നേതാക്കളും ജനപ്രതിനിധികളും സ്വീകരണം സംഘടിപ്പിച്ചത്.