ഈ വർഷം സാധാരണനിലയിൽ കവിഞ്ഞ മഴ

കോവിഡിനൊപ്പം കാലവർഷക്കെടുതി നേരിടാനുള്ള  സമഗ്ര പദ്ധതിക്കും‌ സംസ്ഥാന സർക്കാർ തുടക്കം കുറിക്കുന്നു. ഇതിന്‌ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പദ്ധതി തയ്യാറാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ  പറഞ്ഞു. ഇതിന്റെ ഭാഗമായി ഉന്നതതലയോഗം സ്ഥിതിഗതി വിലയിരുത്തി.

ഈ വർഷം സാധാരണനിലയിൽ കവിഞ്ഞ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ വിദഗ്ധർ സൂചിപ്പിക്കുന്നത്‌. ആഗസ്‌തിൽ അതിവർഷം ഉണ്ടാകുമെന്ന മുന്നറിയിപ്പുമുണ്ട്. കോവിഡ് –-19 മഹാമാരിയെ അകറ്റാൻ പോരാടുന്ന സംസ്ഥാനത്തിന് ഇത്‌ മറ്റൊരു ഗുരുതര വെല്ലുവിളിയാകും. ഈ സാഹചര്യം മുന്നിൽ കണ്ട് അടിയന്തര തയ്യാറെടുപ്പാണ്‌  നടത്തുന്നത്‌. ഏത്‌ മോശം സാഹചര്യവും നേരിടാൻ നാം തയ്യാറെടുത്തേ പറ്റൂവെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു.

മാറ്റിപ്പാർപ്പിക്കാൻ കെട്ടിടം
ക്വാറന്റൈൻ സൗകര്യങ്ങൾക്ക്‌ സർക്കാർ കെട്ടിടം ഏറ്റെടുത്ത മാതൃകയിൽ വെള്ളപ്പൊക്കമുണ്ടായാൽ ആൾക്കാരെ മാറ്റിപ്പാർപ്പിക്കാനും കെട്ടിടം കണ്ടെത്തും. നിലവിൽ ക്വാറന്റൈന്‌  27,000 കെട്ടിടം സംസ്ഥാനത്ത് കണ്ടെത്തിയിട്ടുണ്ട്. അവയിൽ ബാത്തുറൂമുള്ള രണ്ടര ലക്ഷത്തിലേറെ മുറിയുണ്ട്.  ഇതിന് സമാന്തരമായാണ് വെള്ളപ്പൊക്കമുണ്ടായാൽ ആളുകളെ മാറ്റിപ്പാർപ്പിക്കാനുള്ള വെല്ലുവിളി.

നാലുതരം കെട്ടിടം
കോവിഡ് –-19 വ്യാപനഭീഷണി ഉള്ളതിനാൽ വെള്ളപ്പൊക്കം കാരണം ഒഴിപ്പിക്കുന്നവരെ സാധാരണപോലെ ഒന്നിച്ചുപാർപ്പിക്കാൻ കഴിയാത്തതിനാൽ നാലുതരം കെട്ടിടമാണ്‌ കണ്ടെത്തുക. പൊതുവായ കെട്ടിടം, പ്രായം കൂടിയവർക്കും മറ്റു രോഗങ്ങൾ ഉള്ളവർക്കും പ്രത്യേക കെട്ടിടം, കോവിഡ് രോഗലക്ഷണമുള്ളവർക്ക് വേറെ, വീടുകളിൽ ക്വാറന്റൈനിൽ കഴിയുന്നവർ ഇങ്ങനെ നാലു വിഭാഗം.

നദികളിലെ  ഒഴുക്ക്‌ സുഗമമാക്കും
വെള്ളത്തിന്റെ  ഒഴുക്ക് തടസ്സപ്പെടാതിരിക്കാൻ നദികളിലെയും തോടുകളിലെയും ചാലുകളിലെയും എക്കലും മാലിന്യവും മഴ തുടങ്ങുംമുമ്പ് നീക്കും.  ഇതിന്‌ നടപടി ആരംഭിച്ചു.   അണക്കെട്ടുകളിലെ സ്ഥിതിയും തുടർച്ചയായി വിലയിരുത്തുന്നു. ഇടുക്കി ഉൾപ്പെടെ വലിയ അണക്കെട്ടുകളൊന്നും തുറക്കേണ്ടിവരില്ല.

സന്നദ്ധം വളന്റിയർമാർക്ക്‌ പരിശീലനം
സന്നദ്ധം പോർട്ടലിൽ രജിസ്റ്റർ ചെയ്ത വളന്റിയർമാർക്ക് അടിയന്തരമായി ദുരന്തപ്രതികരണ പരിശീലനം നൽകും. ദുരന്തനിവാരണ അതോറിറ്റിക്കാണ്‌ ചുമതല.

15-May-2020