കോൺഗ്രസ്സ് ആളുകളെ കടത്തുന്നത് തലപ്പാടി അതിർത്തി വഴി
അഡ്മിൻ
മാനദണ്ഡങ്ങൾ ലംഘിച്ച് പാസും അനുമതിയുമില്ലാതെ കോൺഗ്രസുകാർ ആളുകളെ തലപ്പാടി അതിർത്തി കടത്തി സംസ്ഥാനത്തേയ്‌ക്ക് എത്തിക്കുത്തുന്നു. കെ സുധാകരൻ എംപിയുടെ അനുയായിയായ മട്ടന്നൂരിലെ കോൺഗ്രസ് നേതാവ് ആർ കെ നവീൻ കുമാറിന്റെ നേതൃത്വത്തിലാണ് കർണാടകത്തിൽനിന്ന് ആളുകളെ കണ്ണൂരിലെത്തിക്കുന്നത്. ആംബുലൻസിലാണ് ആൾക്കടത്ത്. ഇതിന്റെ ദൃശ്യവും പുറത്തായി. വീഡിയോ ഫെയ്സ്ബുക്കിൽ പോസ്റ്റ്ചെയ്ത നവീൻകുമാർ ഇക്കാര്യം ഫോണിലും സമ്മതിക്കുന്നുണ്ട്.
ലോക്ക്ഡൗൺ ഘട്ടത്തിൽ സംസ്ഥാനം കടന്നുവരാൻ പാസ് നിർബന്ധമാക്കുകയും പലരും രജിസ്റ്റർചെയ്ത് കാത്തിരിക്കുകയും ചെയ്യുമ്പോഴാണ് ആംബുലൻസ് സേവനത്തിന്റെ മറവിൽ നിയമ ലംഘനം. കെ സുധാകരൻ എംപിയാണ് ഇതിനുള്ള ഏർപ്പാട് ചെയ്യുന്നതെന്ന് കർണാടക ബൈന്തൂരിലെ പ്രദേശിക കോൺഗ്രസ് നേതാവ് പറയുന്നു.
കർണാടകത്തിൽനിന്ന് നിയമവിരുദ്ധമായി ആംബുലൻസിൽ കടത്തിയവരെ ദേശീയപാതയിൽ തടഞ്ഞപ്പോൾ പൊലീസിനെ ഭീഷണിപ്പെടുത്തി ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ സഹായിച്ചതും സുധാകരനാണ്. സർക്കാർ മാനദണ്ഡങ്ങൾ പാലിക്കാതെ കേരളത്തിലേക്ക് ആളുകളെ എത്തിക്കാനാകുമെന്ന പ്രഖ്യാപനമായാണ് കോൺഗ്രസിന്റെ സൈബർ ഗ്രൂപ്പിലെ പ്രധാനികൂടിയായ പ്രാദേശിക നേതാവ് വീഡിയോ ഫെയ്സ് ബുക്കിൽ പ്രചരിപ്പിച്ചത്. സഹകരണ ജീവനക്കാരനും യൂത്ത്‌കോൺഗ്രസ് നേതാവുമാണ് നവീൻകുമാർ.