എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള സമഗ്ര സമാശ്വാസ പദ്ധതിയാണ് സ്‌നേഹ സാന്ത്വനം

എൻഡോസൾഫാൻ ദുരിതബാധിതർക്ക് എൽഡിഎഫ്‌ സർക്കാരിന്റെ ഓണസമ്മാനം.   സാമൂഹ്യ സുരക്ഷാ മിഷൻ മുഖേന ‘സ്‌നേഹ സാന്ത്വനം’ പദ്ധതിയ്ക്ക് 19 കോടി രൂപക്കുള്ള ഭരണാനുമതിയാണ്‌ നൽകിയത്‌.  ഓണത്തിന് മുമ്പ് എൻഡോസൾഫാൻ ദുരിതബാധിതർക്ക് ആനുകൂല്യം ലഭ്യമാകുന്ന രീതിയിൽ അടിയന്തര നടപടി സ്വീകരിക്കാൻ സാമൂഹ്യ സുരക്ഷാ മിഷന് ആരോഗ്യ  മന്ത്രി കെ കെ ശൈലജ  നിർദേശം നൽകി. 
എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള സമഗ്ര സമാശ്വാസ പദ്ധതിയാണ് സ്‌നേഹ സാന്ത്വനം. ഈ പദ്ധതിയിലൂടെ  ദുരിതബാധിതരുടെ ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് പ്രതിമാസം പെൻഷൻ നൽകുന്നു. ദീർഘകാല ചികിത്സ ആവശ്യമുള്ളതും രോഗാവസ്ഥയിലുള്ളവരും തൊഴിലെടുക്കാനാകാതെ വീട്ടിൽ കഴിയുന്നവരായവർക്കുമൊക്കെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുഖേനപെൻഷൻ നൽകുന്നു.  വികലാംഗ പെൻഷൻ ലഭിക്കുന്നവർക്ക് 1700 രൂപയും പെൻഷൻ ലഭിക്കാത്തവർക്ക് 2200 രൂപയും എൻഡോസൾഫാൻ ദുരിതബാധിതരായ മറ്റ് രോഗികൾക്ക് 1200 രൂപ വീതവുമാണ്‌ പ്രതിമാസം ധനസഹായം നൽകുന്നത്‌.
എൻഡോസൾഫാൻ ദുരിതബാധിതർക്ക്‌ എൽഡിഎഫ്‌ സർക്കാർ അധകാരത്തിൽ വന്നശേഷം നിരവധി പദ്ധതികളാണ്  നടപ്പിലാക്കുന്നത്‌. 50,000 മുതൽ 3 ലക്ഷം രൂപ വരെയുള്ള കടബാധ്യതകൾ എഴുതിത്തള്ളി. സാമ്പത്തിക സഹായമായി 171.11 കോടി രൂപ, ചികിത്സയ്ക്കായി 15 കോടി, പെൻഷനായി 25 കോടി, സ്‌പെഷ്യൽ ആശ്വാസ കിരണത്തിന് 1.75 കോടി, സ്‌കോളർഷിപ്പിന് 67 ലക്ഷം, വായ്പ എഴുതിതള്ളുന്നതിന് 6.83 കോടി ഉൾപ്പെടെ 221 കോടി രൂപയോളംസഹായം നൽകി.  കിടപ്പിലായ രോഗികൾ, മാനസിക പരിമിതിയുള്ളവർ എന്നീ വിഭാഗത്തിൽപ്പെടുന്നവർക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം കൂടാതെ സൗജന്യ ചികിത്സയും പ്രതിമാസ പെൻഷനും നൽകുന്നു.
 ദുരിത ബാധിതരുടെ പുനരധിവാസത്തിനായി  മൂളിയാർ വില്ലേജിൽ എൻഡോസൾഫാൻ പുനരധിവാസ വില്ലേജിന്റെ നിർമ്മാണം തുടങ്ങി. ദുരിത ബാധിതരുടെയും  മറ്റ് ഭിന്നശേഷിയുള്ള കുട്ടികളുടെയും ശാരീരികവും മാനസികവുമായ  ശാസ്ത്രീയമായ പുനരധിവാസം ലക്ഷ്യമാക്കിയാണ്  വില്ലേജ് സ്ഥാപിക്കുന്നത്.  എൻഡോസൾഫാൻ ബാധിതരായ കുട്ടികളുടെ സമഗ്ര ഉന്നമനത്തിനും പഠനത്തിനുമായി മാതൃകാ ശിശു പുനരധിവാസ കേന്ദ്രങ്ങളും സ്ഥാപിച്ചു.


Read more: https://www.deshabhimani.com/news/kerala/news-kasaragodkerala-25-08-2020/890992

25-Aug-2020