സിഐടിയു ജൂലൈയിൽ നടത്തിയ പ്രതിഷേധത്തിൽ കശ്‌മീർ മുതൽ കന്യകുമാരി വരെയുള്ള ജീവനക്കാർ അണിനിരന്നു
അഡ്മിൻ
റെയിൽവേ ബോർഡ് അഴിച്ചുപണിതും നിർമാണഫാക്ടറികളെ ഒറ്റ കമ്പനിയാക്കിയും ഇന്ത്യൻ റെയിൽവേയെ പൂർണമായി സ്വകാര്യവൽക്കരിക്കാനുള്ള നീക്കം കേന്ദ്രസർക്കാർ വേഗത്തിലാക്കി. റെയിൽവേ ബോർഡ് ചെയർമാൻ വി കെ യാദവിന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ (സിഇഒ) സ്ഥാനം നൽകി. ബോർഡിൽ മൂന്ന് സുപ്രധാന തസ്‌തിക റദ്ദാക്കി. സ്‌റ്റാഫ്, എൻജിനിയറിങ്, മെറ്റീരിയൽസ് മാനേജ്‌മെന്റ് വിഭാഗങ്ങളുടെ ചുമതല വഹിച്ചുവന്ന ബോർഡ് അംഗങ്ങളുടെ തസ്‌തികയാണ് എടുത്തുകളഞ്ഞത്. ബോർഡിൽ കോർപറേറ്റ് പ്രതിനിധികളെ ഉൾപ്പെടുത്താനും നീക്കം.
സ്‌റ്റേഷനുകളുടെ സ്വകാര്യവൽക്കരണം, 151 സ്വകാര്യ ട്രെയിൻ, ചരക്ക് ഇടനാഴികളിൽ സ്വകാര്യ പങ്കാളിത്തം എന്നിവയ്‌ക്ക് പിന്നാലെ നിർമാണശാലകളും സ്വകാര്യവൽക്കരിക്കാൻ നടപടി തുടങ്ങി. ഇതിനായി റെയിൽവേയുടെ ഏഴ് നിർമാണഫാക്ടറികളെ ഇന്ത്യൻ റെയിൽവേയ്‌സ് റോളിങ് സ്‌റ്റോക്ക് കമ്പനി എന്ന ഒറ്റ സ്ഥാപനമാക്കി മാറ്റും. ചിത്തരഞ്‌ജൻ ലോക്കോമോട്ടീവ് വർക്ക്‌സ്, വാരാണസി ഡീസൽ ലോക്കോമോട്ടീവ് വർക്ക്‌സ്, പട്യാല ഡീസൽ ലോക്കോ മോഡണൈസേഷൻ വർക്ക്‌സ്, ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറി, കപൂർത്തല റെയിൽകോച്ച് ഫാക്ടറി, ബംഗളൂരു വീൽ ആൻഡ് ആക്‌സിൽ ഫാക്ടറി, റായ്‌ബറേലി മോഡേൺ റെയിൽ കോച്ച് ഫാക്ടറി എന്നിവയാണ് ഒറ്റ കോർപറേറ്റ് കമ്പനിയാക്കുന്നത്. തുടര്‍ന്ന്, ഓഹരിവിൽപ്പന തുടങ്ങും. വിവിധ സ്ഥലങ്ങളിലെ റെയിൽവേഭൂമി ദീർഘകാലത്തേയ്‌ക്ക് പാട്ടത്തിനു നൽകും.
ജീവനക്കാരുടെ എണ്ണം വൻതോതിൽ വെട്ടിക്കുറയ്‌ക്കുകയാണ്. മൂന്നരലക്ഷം തസ്‌തിക ഒഴിഞ്ഞുകിടക്കുന്നു. നിയമനനിരോധനം പരസ്യമായി പ്രഖ്യാപിച്ചു. കരാർനിയമനം വ്യാപകമാക്കി. ഇക്കാര്യത്തിൽ ജീവനക്കാരുടെ അംഗീകൃത ഫെഡറേഷനുകളുടെ മൗനം ദുരൂഹമാണ്.
ഡിആർഇയു, അഖിലേന്ത്യ ലോക്കോ റണ്ണിങ് സ്‌റ്റാഫ് അസോസിയേഷൻ, സ്‌റ്റേഷൻ മാസ്‌റ്റർമാരുടെയും ഗാർഡുകളുടെയും സംഘടനകൾ എന്നിവ സ്വകാര്യവൽക്കരണത്തിനെതിരെ ശക്തമായി രംഗത്തുണ്ട്. സിഐടിയു ജൂലൈയിൽ നടത്തിയ പ്രതിഷേധത്തിൽ കശ്‌മീർ മുതൽ കന്യകുമാരി വരെയുള്ള ജീവനക്കാർ അണിനിരന്നു.