ഇപ്പോഴുള്ള അവസ്ഥ മാറി സാഹചര്യം അനുകൂലമാകുമ്പോൾ സ്കൂളുകൾ തുറക്കും. അതുവരെ ഓൺലൈൻ ക്ലാസുകൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യമാകെ നോക്കിയാല്‍ പൊതുമേഖലകളില്‍ നിന്ന് സര്‍ക്കാരുകള്‍ പിന്മാറുന്ന സാഹചര്യമാണുള്ളത്. ഈ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ഇടപെട്ടുകൊണ്ട് വിദ്യാഭ്യാസ മേഖലയെ എങ്ങനെ ഒരു സവിശേഷമായ ജനകീയ മേഖലയാക്കി മാറ്റാം എന്ന മാതൃക കേരളം കാണിച്ചിരിക്കുന്നത്.
മികച്ച സൗകര്യമുള്ള സ്‌കൂളുകളില്‍ പഠിക്കുക എന്നത് ചില ഭാഗ്യവാന്മാര്‍ക്ക് മാത്രം പറ്റുന്നുവെന്ന കാര്യമെന്ന നിലയില്‍ നിന്നും പാവപ്പെട്ടവനും സാധ്യമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തോടെ, മുഴുവൻ പൊതുവിദ്യാലയങ്ങളിലും ഹൈടെക് ക്ലാസ് മുറികളുള്ള രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറി.
സര്‍ക്കാര്‍ സംസ്ഥാനത്തെ 16,027 സ്കൂളുകളിലായി 3,74,274 ഡിജിറ്റൽ ഉപകരണങ്ങളാണ് സ്മാർട് ക്ലാസ്റൂം പദ്ധതിക്കായി വിതരണം ചെയ്തത്. അതില്‍ തന്നെ 4752 ഹൈസ്കൂൾ ഹയർ സെക്കന്‍ററി സ്കൂളുകളിലായി 45,000 ഹൈടെക് ക്ലാസ് മുറികൾ ഒന്നാംഘട്ടത്തിൽ സജ്ജമാക്കി. പ്രൈമറി, അപ്പർ പ്രൈമറി തലങ്ങളിൽ 11,275 സ്കൂളുകളിൽ ഹൈടെക് ലാബും തയാറാക്കി. കൈറ്റിന്റെ നേതൃത്വത്തിൽ കിഫ്ബിയുടെ ധനസഹായത്തോടെയാണ് പദ്ധതി നടപ്പാക്കിയത്.