എന്തുകൊണ്ട് കിഫ്ബി; എന്‍.എസ് മാധവന്‍ പറയുന്നു

അടുത്തിടെ ഏറ്റവും വലിയ രാഷ്ട്രീയ വിവാദമായ കിഫ്ബിയുമായി ബന്ധപ്പെട്ട സി.എ.ജി റിപ്പോര്‍ട്ട് ചര്‍ച്ചയാകവെ സംസ്ഥാനത്തിന്‍റെ വളര്‍ച്ചയക്ക് കിഫ്ബിയ്ക്ക് വലിയ പ്രാധാന്യമുണ്ടെന്ന് വ്യക്തമാക്കി എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ എന്‍.എസ്. മാധവന്‍ രംഗത്ത്. രാജ്യത്തിന്റെഭരണഘടനയെ ഉദ്ധരിച്ച് ഭരണഘടനാ സ്ഥാപനമായ സി.എ.ജി കിഫ്ബിയുടെ അസ്തിത്വത്തെ തന്നെ ചോദ്യം ചെയ്യുകയാണെന്ന് അദ്ദേഹം മലയാള മനോരമ പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.

”രാജ്യത്തിന്റെ ഭരണഘടനയുടെ കാവല്‍ക്കാരായ കോടതിയില്‍ നിന്നേ ഇതിനുള്ള അന്തിമമായ ഉത്തരം പ്രതീക്ഷിക്കേണ്ടതുള്ളൂ. ഇത്രയധികം വര്‍ഷങ്ങള്‍ക്ക് ശേഷം സി .എ. ജി മൗലികമായ പ്രശ്‌നങ്ങള്‍ ഉന്നയിക്കുകയാണെങ്കില്‍ അതില്‍ ഉദ്ദേശശുദ്ധിയെക്കുറിച്ചുള്ള സംശയങ്ങള്‍ സ്വാഭാവികമായും ഉയര്‍ന്നുവരാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കിഫ്ബിയെ വിവിധ കാരണങ്ങള്‍ കൊണ്ട് എതിര്‍ക്കുന്നവര്‍ ഇംഗ്ലീഷിലെ ഈ പറച്ചില്‍ ഓര്‍ക്കുന്നത് നല്ലതായിരിക്കും: കുളിപ്പിച്ച വെള്ളത്തിനൊപ്പം കുട്ടിയെയും എറിഞ്ഞു കളയരുത്”, എന്‍.എസ് മാധവന്‍ എഴുതുന്നു.

സംസ്ഥാനത്തിന്‍റെ സമ്പദ് വ്യവസ്ഥ അത്യന്തം സങ്കീര്‍ണവും പ്രയാസങ്ങള്‍ നിറഞ്ഞതുമാണ്. ജീവനക്കാരുടെ ശമ്പളം, പെന്‍ഷന്‍, പിന്നാക്കക്കാര്‍ക്കുള്ള ക്ഷേമ പദ്ധതികള്‍ എന്നിവ കഴിഞ്ഞ് നീക്കിയിരിപ്പ് വല്ലതുമുണ്ടെങ്കില്‍ അതു മുന്‍കാല വായപ്കളുടെ പലിശയ്ക്ക് പോകും…ഇതെല്ലാം തട്ടിക്കഴിച്ചാല്‍ വികസനത്തിനായുള്ള മൂലധനച്ചെലവ് സംസ്ഥാനത്തിന്റെ ആഭ്യന്തര വരുമാനത്തിന്റെ 1% മാത്രമേ വരുന്നുള്ളൂ. ഈ കാരണത്താല്‍ കേരളത്തിന്റെ റോഡ് പാലം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളിലേക്കുള്ള നിക്ഷേപം നന്നേ കുറഞ്ഞൂ…

പ്രസ്തുത സാമ്പത്തിക ചക്രവ്യൂഹത്തിനുള്ളില്‍ നിന്നും പുറത്തുകടക്കാനുള്ള വഴിയാണ് 1999ല്‍ സ്ഥാപിതമായി കിഫ്ബിയെന്നും കിഫ്ബിക്ക് മുന്‍പും പിന്‍പുമുള്ള കേരളത്തിലെ മൂലധനച്ചെലവു പരിശോധിച്ചാല്‍ ഈ നൂതനാശയം വിജയകരമായിരുന്നുവെന്നു നിസ്സംശയം പറയാന്‍ സാധിക്കുമെന്നും എന്‍.എസ് മാധവന്‍ പറയുന്നു.

20-Nov-2020