മസാല ബോണ്ട്: റിസർവ് ബാങ്ക് അനുമതി വിവരങ്ങൾ പുറത്ത് വിട്ട് കിഫ്ബി
അഡ്മിൻ
മസാല ബോണ്ടുമായി ബന്ധപ്പെട്ട വിവാദത്തില്‍ റിസർവ് ബാങ്ക് അനുമതി വിവരങ്ങൾ പുറത്ത് വിട്ട് കിഫ്ബി. ബോണ്ടിറക്കുന്നതിനായി റിസർവ് ബാങ്ക് അനുമതിക്ക് വേണ്ടി ഓഥറൈസ്ഡ് ഡീലർ ബാങ്ക് വഴി അപേക്ഷ നൽകിയതു മുതലുള്ള നാൾവഴിയാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ കിഫ്ബി പുറത്തുവിട്ടത്.
ഇതു സംബന്ധമായി റിസർവ് ബാങ്കുമായി നടന്ന കത്തിടപാടുകളുടെ പകർപ്പുകളും പുറത്തുവിട്ടിട്ടുണ്ട്.അനുമതിയുമായി ബന്ധപ്പെട്ട ഏറ്റവും നിർണായകമായ ലോൺ രജിസ്‌ട്രേഷൻ നമ്പർ അനുവദിച്ചതും ചൂണ്ടിക്കാണിക്കുന്നുണ്ട്. പുക മറയ്ക്കാത്ത വസ്തുതകൾ എന്ന അടിക്കുറിപ്പോടെയാണ് വിവരങ്ങൾ പുറത്തുവിട്ടത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
മസാല ബോണ്ട് - നാൾ വഴി
ഒരു ബോഡി കോർപ്പൊറേറ്റ് എന്ന നിലയിൽ റിസർവ് ബാങ്കിന്റെ മാർഗനിർദേശങ്ങൾക്കനുസരിച്ച എക്‌സ്റ്റേണൽ കൊമേഴ്‌സ്യൽ ബോറോയിങ്‌സ് (ഇസിബി) വഴി കടമെടുക്കാൻ കിഫ്ബിക്ക് അർഹതയുമുണ്ട്.
ആർബിഐ ചട്ടമനുസരിച്ച് രണ്ടുതരം എക്‌സ്റ്റേണൽ കൊമേഴ്‌സ്യൽ ബോറോയിങ്ങ് ആണ് അനുവദിക്കുന്നത്. ഒന്ന് ഓട്ടോമാറ്റിക് റൂട്ടും മറ്റൊന്ന് അപ്രൂവൽ റൂട്ടുമാണ്. ഇതിൽ അപ്രൂവൽ റൂട്ട് ആണ് കിഫ്ബിക്ക് ബാധകമായിട്ടുള്ളത്.
അപ്രൂവൽ റൂട്ടിലൂടെ മസാലബോണ്ട് ഇറക്കുന്നതിനായി കടമെടുക്കുന്നവർ(ഇവിടെ കിഫ്ബി) അവരുടെ ഓഥറൈസ്ഡ് ഡീലർ ബാങ്കുകൾ വഴി റിസർവ് ബാങ്കിന് അപേക്ഷ നൽകണം.ഈ അപേക്ഷ മുംബൈയിൽ ഉള്ള ഫോറിൻ എക്‌സ്‌ചേഞ്ച് ഡിപ്പാർട്‌മെന്റിന്റെ കേന്ദ്ര ഓഫിസ് പരിശോധിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ റിസർവ് ബാങ്ക് കടമെടുക്കുന്നവർക്ക് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്(NOC) നൽകുന്നു. ഈ NOC റിസർവ് ബാങ്കിന്റെ അനുമതിയാണ്. ഈ NOC വഴി അന്താരാഷ്ട്ര വിപണിയിൽ നിന്നുള്ള കടമെടുപ്പിന് ആ സ്ഥാപനം യോഗ്യത നേടും. ഈ എൻഒസിയുടെ തന്നെ അടിസ്ഥാനത്തിൽ ലോൺ രജിസ്‌ട്രേഷൻ നമ്പർ(LRN) റിസർവ് ബാങ്ക് അനുവദിക്കും. ഇനി ഈ പ്ര്ക്രിയ കിഫ്ബി നടത്തിയതിന്റെ നാൾവഴി പരിശോധിക്കാം.
*2018 മേയ് 22 - കിഫ്ബിയുടെ ഓഥറൈസ്ഡ് ഡീലർ ബാങ്കായ ആക്‌സിസ് ബാങ്ക് വഴി മസാലബോണ്ട്(Rupee Denominated Bonds) ഇറക്കാനുള്ള അപേക്ഷ റിസർവ് ബാങ്കിന്റെ ഫോറിൻ എക്‌സ്‌ചേഞ്ച് ഡിപാർട്‌മെന്റിന് അയയ്ക്കുന്നു.ആർബിഐ ചട്ടങ്ങൾ അനുസരിച്ചുള്ള എല്ലാ വിശദാംശങ്ങളും ഉൾക്കൊള്ളുന്ന അപേക്ഷയാണ് അനുമതി തേടി അയച്ചത്.
*2018 ജൂൺ 1 - ഫോറിൻ എക്‌സ്‌ചേഞ്ച് ഡിപ്പാർട്‌മെന്റ് പരിശോധിച്ചതിനു ശേഷം 2018 ജൂൺ 1 തീയതി വച്ച approval vide letter അയയ്ക്കുന്നു.ഇത്തരം അനുമതികൾക്കായി റിസർവ് ബാങ്ക് ഉപയോഗിക്കുന്ന പൊതു ഫോർമാറ്റിലുള്ളതാണ് ഈ കത്ത്.
*2018 ഡിസംബർ 6 - വിദേശ ധനകാര്യവിപണിയിലെ ചാഞ്ചാട്ടം കണക്കിലെടുത്ത് കിഫ്ബി മസാല ബോണ്ടിറക്കുന്നതിനുള്ള കാലവധി 2019 കലണ്ടർ വർഷത്തിലേക്ക് മാറ്റാൻ തീരുമാനിക്കുകയും അതിനായി അനുമതി നീട്ടിനൽകാൻ ആക്‌സിസ് ബാങ്ക് വഴി റിസർവ് ബാങ്കിനെ സമീപിക്കുകയും ചെയ്തു.
*2018 ഡിസംബർ 31 - അനുമതി നീട്ടിനൽകുന്നത് പരിശോധിക്കാൻ ഓഥറൈസ്ഡ് ഡീലർ ബാങ്കിനോട് റിസർവ് ബാങ്ക് നിർദേശിച്ചുകൊണ്ടുളള കത്ത്
*2019 മാർച്ച് 20 - അനുമതി ദീർഘിപ്പിച്ചു കിട്ടിയതിനെ തുടർന്ന് ലോൺ രജിസ്‌ട്രേഷൻ നമ്പർ (LRN) അനുവദിച്ചുകിട്ടുന്നതിനായി ഓഥറൈസ്ഡ് ഡിലർ ബാങ്ക് വഴി കിഫ്ബി റിസർവ് ബാങ്കിന് ഫോം ഇസിബി സമർപ്പിക്കുന്നു. ഇസിബിയുടെ വിശദാംശങ്ങൾ,ഗവൺമെന്റ് ഗാരണ്ടിയുടെ വിശദാംശങ്ങൾ എല്ലാം ഇസിബി ഫോമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
*2019 മാർച്ച് 22 - റിസർവ് ബാങ്ക് കിഫ്ബിക്ക് ലോൺ രജിസ്‌ട്രേഷൻ നമ്പർ അനുവദിക്കുന്നു.
*2019 മാർച്ച് 29- ലണ്ടൻ സ്റ്റോക് എക്സ്ചേഞ്ചിൽ മസാല ബോണ്ട് ലിസ്റ്റ് ചെയ്യുന്നു.
ഇതാണ് വാസ്തവം. അത് മാറില്ല..ആരു പറഞ്ഞാലും എന്തു പറഞ്ഞാലും... എത്ര പുകമറ സൃഷ്ടിച്ചാലും
ഇനി ഒരു കാര്യം കൂടി..... ഇങ്ങനെ മസാലബോണ്ട് വഴി സമാഹരിച്ച 2150 കോടിയിയുടെ 90 ശതമാനവും വിനിയോഗിച്ചുകഴിഞ്ഞു. ഈ വിനിയോഗവിവരകണക്കുകൾ റിസർവ് ബാങ്കിനെ എല്ലാ മാസവും(FORM ECB 2 FILING) അറിയിക്കുന്നുമുണ്ട്.ഏതു പ്രോജക്ടിനാണ് മസാല ബോണ്ടിലെ തുക ഉപയോഗിച്ചിരിക്കുന്നത്,അത് എത്രയാണ്,അതിന്റെ ബിൽ വിവരങ്ങൾ, എത്ര ബാക്കിയുണ്ട്, അത് എവിടെയാണ് സൂക്ഷിച്ചിരിക്കുന്നത് എന്നിവയെല്ലാമടങ്ങിയ സമഗ്രമായ രേഖയാണ് ഫോം ഇസിബി ടു
ഈ വിഷയത്തിൽ ഇനി ഇതിൽ കൂടുതൽ എന്തുപറയാൻ
23-Nov-2020
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ