ചെന്നിത്തലയെ വെട്ടി ഉമ്മൻചാണ്ടിയെ നേതൃത്വത്തിലെത്തിക്കാൻ ഹൈക്കമാൻഡ്
അഡ്മിൻ
തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി മറികടന്ന് നിയസഭാ തെരഞ്ഞെടുപ്പിൽ വിജയം നേടാന്‍ കേരള കോൺഗ്രസ് നേതൃത്തിൽ അഴിച്ചുപണി നടത്താൻ നിർണായകയോഗം നാളെ ദില്ലിയിൽ. പാർട്ടി അണികളുടെയും ഘടകകക്ഷികളുടെയും ആവശ്യപ്രകാരം ഉമ്മൻചാണ്ടിയെ നേതൃത്വത്തിലേക്ക് എത്തിക്കുന്നതിനുളള നിർണ്ണായക തീരുമാനങ്ങൾ നാളെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. രമേശ് ചെന്നിത്തല നയിക്കുന്ന നിലവിലെ നേതൃനിരയിൽ ഭിന്നതകൾ ഉണ്ടാകാത്ത തരത്തിൽ ഉമ്മൻചാണ്ടിക്ക് എന്ത് പദവിയാകും ഹൈക്കമാൻഡ് നിർദ്ദേശിക്കുക എന്നതാണ് ശ്രദ്ധേയം.
മറ്റൊരു നിർണായക ഘടകം ഡിസിസി പുനഃസംഘടനയാണ്. ഇക്കാര്യത്തിൽ നാളെ തീരുമാനമുണ്ടായേക്കും. തദ്ദേശതെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിന് ജില്ലാ ഘടകങ്ങൾക്കും ഉത്തരവാദിത്വമുണ്ടെന്ന് ആക്ഷേപം ഉയർന്ന പശ്ചാത്തലത്തിലാണ് കോൺഗ്രസ് തീരെ ദുർബലമായിരിക്കുന്ന ജില്ലകളിൽ ഡി.സി.സി പുനസംഘടന അജണ്ടയിലെ അടിയന്തരയിനമാകുന്നത്.
സംസ്ഥാനത്തിന്റെ ചുമതലയുളള എഐ.സി.സി ജനറൽ സെക്രട്ടറി താരീഖ് അൻവർ സമർപ്പിച്ചിരിക്കുന്ന റിപ്പോർട്ട് കൂടി പരിഗണിച്ചായിരിക്കും ഹൈക്കമാൻഡ് അന്തിമ തീരുമാനം എടുക്കുക. ചർച്ചകൾക്കായി ഉമ്മൻ ചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനും ഇന്ന് വൈകിട്ട് ഡൽഹിയിൽ എത്തും. രമേശ് ചെന്നിത്തല നേരത്തെ ഡൽഹിയിൽ എത്തിയിരുന്നു. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും ചർച്ചകളുടെ ഭാഗമാകും.