റിപ്പബ്ലിക് ടിവിയുടെ ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിങ് ഫൗണ്ടേഷന്‍ അംഗത്വം റദ്ദാക്കണം: എന്‍.ബി.എ

റിപ്പബ്ലിക് ടിവിയുടെ റേറ്റിങ് കൂട്ടാന്‍ അര്‍നബ് ഗോസ്വാമി കൃത്രിമം കാണിച്ചെന്ന് നാഷണല്‍ ബ്രോഡ്കാസ്‌റ്റേഴ്‌സ് അസോസിയേഷന്‍ (എന്‍.ബി.എ). ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍ (ബാര്‍ക്) മുന്‍ ചീഫ് എക്‌സിക്യുട്ടീവ് പാര്‍ഥോ ദാസ്ഗുപ്തയും റിപ്പബ്ലിക് ടി.വിയുടെ എഡിറ്റര്‍ ഇന്‍ ചീഫും എ.ആര്‍.ജി. ഔട്‌ലിയര്‍ മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറുമായ അര്‍ണബ് ഗോസ്വാമിയും നടത്തിയതായി പുറത്തുവന്ന വാട്‌സാപ്പ് സന്ദേശങ്ങള്‍ ഞെട്ടലുണ്ടാക്കുന്നതാണ്.

റിപ്പബ്ലിക് ടി.വിക്ക് കൂടുതല്‍ കാഴ്ചക്കാരുണ്ടെന്നുവരുത്താന്‍ ചാനല്‍ റേറ്റിങ്ങില്‍ കൃത്രിമം കാട്ടുന്നതിന് ഇരുകൂട്ടരും ഗൂഢാലോചന നടത്തിയെന്ന് ഇവയില്‍നിന്നു തെളിഞ്ഞെന്നും എന്‍.ബി.എ. പ്രസ്താവനയില്‍ പറഞ്ഞു. റേറ്റിങ്ങില്‍ കൃത്രിമം കാട്ടിയതുസംബന്ധിച്ച് കോടതിയിലുള്ള കേസില്‍ വിധി വരുംവരെ ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിങ് ഫൗണ്ടേഷന്‍ (ഐ.ബി.എഫ്.) റിപ്പബ്ലിക് ടി.വി.യുടെ അംഗത്വം റദ്ദാക്കണമെന്ന് എന്‍.ബി.എ. ആവശ്യപ്പെട്ടു.

റിപ്പബ്ലിക് ടി.വിയുടെ വിവരങ്ങള്‍ ഒഴിവാക്കി എല്ലാ വാര്‍ത്താ ചാനലുകളുടെയും തുടക്കംമുതലുള്ള റാങ്കിങ് വീണ്ടും ഇറക്കണം. കഴിഞ്ഞ മൂന്നുമാസത്തെ റേറ്റിങ് നോക്കാന്‍ എന്തുനടപടിയാണെടുത്തതെന്ന് ബാര്‍ക് വിശദമാക്കണം. റേറ്റിങ് നടപടികള്‍ സുതാര്യമാക്കണം. റേറ്റിങ്ങില്‍ കൃത്രിമം കാട്ടുന്നവര്‍ക്കെതിരേ എന്ത് ശിക്ഷാനടപടിയെടുക്കുമെന്നും ഇപ്പോഴത്തെ കേസില്‍ എന്തു നടപടിയുണ്ടാകുമെന്നും വ്യക്തമാക്കണം. ഈ വിവരങ്ങള്‍ ബന്ധപ്പെട്ടവരുമായി പങ്കുവെക്കുംവരെ വാര്‍ത്താ ചാനലുകളുടെ റേറ്റിങ് കണക്കാക്കുന്നത് നിര്‍ത്തിവെക്കണമെന്നും എന്‍.ബി.എ. ആവശ്യപ്പെട്ടു.

19-Jan-2021