ബജറ്റ് മറുപടി പ്രസംഗം: പുതിയപദ്ധതികള്‍ പ്രഖ്യാപിച്ച് മന്ത്രി തോമസ് ഐസക്

ബജറ്റിന്റെ മറുപടി പ്രസംഗത്തില്‍ 498 കോടിയുടെ പുതിയപദ്ധതികള്‍ പ്രഖ്യാപിച്ച് ധനമന്ത്രി തോമസ് ഐസക്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിനാല്‍ ശമ്പളപരിഷ്‌കരണ ഉത്തരവ് നേരത്തെ പുറത്തിറക്കും. യുജിസി ശമ്പള പരിഷ്‌കരണം ഫെബ്രുവരി മുതല്‍ നടപ്പാക്കുമെന്നും ധനമന്ത്രി പറഞ്ഞു.തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഫെബ്രുവരി പകുതിയോടെ വരാന്‍ സാധ്യതയുള്ളതിനാല്‍ ശമ്പള പരിഷ്‌കരണ ഉത്തരവ് നേരത്തെ പുറത്തിറക്കാനാണ് സര്‍ക്കാര്‍ തീരുമാനം. കമ്മീഷന്‍ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറക്ക് ഉത്തരവ് പുറത്തിറക്കുമെന്ന് ധനമന്ത്രി സഭയില്‍ പ്രഖ്യാപിച്ചു.

2012 ന് ശേഷം നിയമിതരായ പ്രീ പ്രൈമറി ജീവനക്കാര്‍ക്ക് 1000 രൂപ പ്രത്യേക സഹായം നല്‍കും. ക്യാന്‍സര്‍ എയ്ഡ്‌സ് രോഗികളുടെ പെന്‍ഷന്‍ കാലോചിതമായി പരിഷ്‌കരിക്കും. അക്കിത്തത്തിന് ജന്മനാട്ടില്‍ സ്മാരകം പണിയും. തീരദേശത്ത് അടുത്ത വര്‍ഷം 7500 വീടുകള്‍ കൂടി നിര്‍മ്മിച്ച് നല്‍കുമെന്നും ഐസക് പ്രഖ്യാപിച്ചു.

യുജിസി ശമ്പള പരിഷ്‌കരണം നടപ്പാക്കി ഫെബ്രുവരി മുതല്‍ അത് നല്‍കും. കുടിശ്ശിക പിഎഫില്‍ ലയിപ്പിക്കും.അംഗന്‍വാടി ജീവനാക്കാരുടെ പെന്‍ഷന്‍ 2000 ല്‍ നിന്ന് 2500 ആക്കി. ഖാദിക്ക് വകയിരുത്തിയിരുന്ന തുക 14 നിന്ന് 20 കോടിയാക്കി. പുലിക്കളിക്ക് സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കും. പ്രദേശിക പത്രപ്രവര്‍ത്തകരെ സാംസ്‌കാരിക ക്ഷേമനിധിയില്‍ ഉള്‍പ്പെടുത്തും.

21-Jan-2021