പാര്‍ലമെന്‍റിലെ പ്രധാന കവാടത്തില്‍ നിന്നും ഗാന്ധി പ്രതിമ മാറ്റി
അഡ്മിൻ
ഗാന്ധിയുടെ പ്രതിമ പാര്‍ലമെന്‍റിലെ പ്രധാന കവാടത്തില്‍ നിന്നും താല്‍ക്കാലികമായി നീക്കി. 16 അടി ഉയരമുള്ള പ്രതിമ പാർലമെന്‍റ് മന്ദിരത്തിന്‍റെ നിർമ്മാണത്തിന്‍റെ ഭാഗമായാണ് താല്‍ക്കാലികമായി മാറ്റിയതെന്നാണ് ലോക് സഭാ അധികൃതര്‍ പറയുന്നത്. പാര്‍ലമെന്‍റിലെ രണ്ടാം നമ്പര്‍ ഗേറ്റിനും മൂന്നാം നമ്പര്‍ ഗേറ്റിനും ഇടയിലാണ് നിലവില്‍ പ്രതിമ താല്‍ക്കാലികമായി സ്ഥാപിച്ചിട്ടുള്ളത്.
പാര്‍ലമെന്‍റിന് മുന്നില്‍ പ്രതിപക്ഷ സമരങ്ങളിലും എം.പിമാരുടെ കൂടിക്കാഴ്ച്ചകളിലും സ്ഥിരസാന്നിധ്യമായിരുന്നു മാറ്റിവെച്ച ഗാന്ധി പ്രതിമ. കാര്‍ഷിക നിയമത്തിനെതിരായ പാര്‍ലമെന്‍റ് എം.പിമാരുടെ സമരവും ഈ ഗാന്ധി പ്രതിമക്ക് മുന്നില്‍ വെച്ചായിരുന്നു.
1993ൽ ശിവരാജ് പാട്ടീൽ സ്പീക്കറായിരുന്ന കാലയളവിലാണ് ഗാന്ധി പ്രതിമ സ്ഥാപിക്കാനുള്ള പദ്ധതികൾക്ക് തുടക്കമിട്ടത്. അന്നത്തെ രാഷ്ട്രപതി ശങ്കർ ദയാൽ ശർമ്മയാണ് പ്രതിമ സ്ഥാപിച്ചത്. സെൻട്രൽ വിസ്ത പദ്ധതി പ്രകാരം കേന്ദ്രസർക്കാരില്‍ നിന്നും 20000 കോടി രൂപ ചെലവിട്ടാണ് പുതിയ പാർലമെന്‍റ് മന്ദിരം നിർമ്മിക്കുന്നത്.