ഉന്നത വിദ്യാഭ്യാസ രംഗത്ത് സമൂല മാറ്റങ്ങൾ ഉടൻ: മുഖ്യമന്ത്രി
അഡ്മിൻ
ഉന്നത വിദ്യാഭ്യാസ രംഗത്ത് സമൂലമായ മാറ്റങ്ങൾക്കുള്ള നടപടിക്ക് സർക്കാർ ഉടൻ തുടക്കം കുറിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തിലെ അക്കാഡമിക്, ശാസ്ത്ര, സാങ്കേതിക, പരിസ്ഥിതി വിദഗ്ധരുമായി തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലിൽ സംവദിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന ബഡ്ജറ്റിലെ നിർദ്ദേശങ്ങൾ ഉന്നതവിദ്യാഭ്യാസ വകുപ്പ് ചർച്ച ചെയ്ത് വേഗത്തിൽ നടപ്പാക്കും. സർവകലാശാലകളെയും പ്രധാന സ്ഥാപനങ്ങളെയും മികവിന്റെ കേന്ദ്രങ്ങളാക്കും. ഇവിടങ്ങളിലെ പശ്ചാത്തല സൗകര്യം വലിയ തോതിൽ വർധിപ്പിക്കും. വിദ്യാർത്ഥികൾക്ക് മുഴുവൻ സമയവും പഠനപ്രക്രിയ നടത്താൻ കഴിയും വിധം സർവകലാശാല ക്യാമ്പസുകളിലെ സൗകര്യം വർധിപ്പിക്കേണ്ടതുണ്ട്. ഹോസ്റ്റലുകളുടെ സ്ഥിതിയും മെച്ചപ്പെടുത്തും.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ മെച്ചപ്പെടുത്തുന്നതിലൂടെ തുടക്കത്തിൽ ഇവിടെ നിന്ന് മറ്റു സംസ്ഥാനങ്ങളിൽ പഠിക്കാൻ പോകുന്നവരെയും പിന്നീട് മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളെയും തുടർന്ന് വിദേശങ്ങളിൽ നിന്നുള്ളവരെയും ഇവിടേക്ക് ആകർഷിക്കാനാവും. ഇതിനാവശ്യമായ രീതിയിൽ വിദ്യാലയങ്ങളുടെ ചുറ്റുപാടും സൗകര്യങ്ങളും മാറ്റുന്നതിനാണ് സർക്കാർ ലക്ഷ്യമിടുന്നത്. സർവകലാശാല ചട്ടങ്ങളിൽ ആവശ്യമായ പരിഷ്‌കാരം വരുത്തും. സ്ഥാപനങ്ങളുടെ സാമൂഹ്യ ഉത്തരവാദിത്ത ഫണ്ട് കൂടുതലായി സർവകലാശാലകൾക്കും കോളേജുകൾക്കും ലഭിക്കാൻ നടപടി സ്വീകരിക്കേണ്ടതുണ്ട്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബോർഡ് ഓഫ് സ്റ്റഡീസിൽ വ്യവസായ വിദഗ്ധർ ഉണ്ടാവുന്നത് നല്ലതാണെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. കൂടുതൽ ഫിനിഷിംഗ് സ്‌കൂളുകൾ സ്ഥാപിക്കുകയും നിലവിലുള്ളവ ശക്തിപ്പെടുത്തുകയും ചെയ്യും. സമൂഹത്തിൽ അഭ്യസ്തവിദ്യരായ യുവജനങ്ങൾ വലിയ തോതിൽ തൊഴിൽ ആഗ്രഹിക്കുന്നുണ്ട്. പഠിച്ച വിഷയത്തിനനുസരിച്ചുള്ള തൊഴിൽ ലഭിക്കുന്നതിന് ആവശ്യമായ നടപടി ഉണ്ടാവണം. ഇതിനായി സർവകലാശാലകൾ വ്യവസായ മേഖലയുമായി ബന്ധപ്പെട്ട് അതിനനുസൃതമായ കോഴ്‌സുകൾ ആരംഭിക്കേണ്ടതുണ്ട്. ഇതിനുള്ള നീക്കം തുടങ്ങിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ജനകീയാസൂത്രണം ആരംഭിച്ച ശേഷം കാൽനൂറ്റാണ്ടിനിടെ ജനങ്ങളുടെ ജീവിത രീതിയിലും പ്രകൃതിയിലും വലിയ മാറ്റം സംഭവിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് വിപുലമായ വിവരശേഖരണവും പഠനവും നടത്തേണ്ടതുണ്ട്. മുതിർന്നവരും യുവാക്കളും തമ്മിലുള്ള ഡിജിറ്റൽ അന്തരം കുറയ്ക്കുന്നതിന് തദ്ദേശസ്ഥാപനങ്ങൾ, വായനശാലകൾ, പകൽവീടുകൾ എന്നിവ കേന്ദ്രീകരിച്ച് പരിശീലന സംവിധാനം ഒരുക്കാവുന്നതാണ്. സംസ്ഥാനത്തിന്റെ ഐ. ടി നയത്തിൽ ആവശ്യമെങ്കിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്താൻ സർക്കാർ തയ്യാറാണ്. കാലവാസ്ഥാവ്യതിയാന പഠനത്തിൽ സംസ്ഥാനം കൂടുതൽ ശ്രദ്ധനൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാർഷിക രംഗത്ത് നൂതന സാങ്കേതിക വിദ്യകൾ സർക്കാർ പ്രയോഗിക്കും. കാർഷികോത്പന്നങ്ങൾ അന്താരാഷ്ട്ര തലത്തിൽ എത്തിക്കാൻ ഉതകുന്ന വിപണന രീതികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
22-Jan-2021
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ