സീറ്റ് വിഭജനം വെല്ലുവിളിയാകുന്ന കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ്

സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുകയും സ്ഥാനാര്‍ത്ഥി മോഹികളുടെ എണ്ണം കൂടുകയും ചെയ്തതോടെ കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പില്‍ സീറ്റ് വിഭജനം വെല്ലുവിളിയാകുന്നു. നേരത്തേ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ജോസ് കെ. മാണി വിഭാഗത്തില്‍ നിന്ന് നിരവധി നേതാക്കളാണ് ജോസഫ് ഗ്രൂപ്പിനൊപ്പം എത്തിയത്.

ഫ്രാന്‍സിസ് ജോര്‍ജ്, തോമസ് ഉണ്ണിയാടന്‍, ജോണി നെല്ലൂര്‍, ജോസഫ് എം. പുതുശ്ശേരി, പ്രിന്‍സ് ലൂക്കോസ്, സജി മഞ്ഞക്കടമ്പില്‍, എന്നിങ്ങിനെ പിളര്‍പ്പിനുശേഷം ജോസഫ് ഗ്രൂപ്പിലേക്ക് എത്തിയ നേതാക്കളുടെ നിര നീളുകയാണ്. ഇതുതന്നെയാണ് ഇപ്പോള്‍ ജോസഫ് വിഭാഗം അനുഭവിക്കുന്ന വെല്ലുവിളിയും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 15 സീറ്റില്‍ മത്സരിച്ച കേരള കോണ്‍ഗ്രസ് എമ്മിന് ഇത്തവണ ജോസഫ് ഗ്രൂപ്പ് ആയി മാറിയതോടെ അത്രയും സീറ്റ്
യു.ഡി.എഫ് നല്‍കില്ല എന്ന കാര്യം ഉറപ്പാണ്.

കേരളാ കോണ്‍ഗ്രാസില്‍ നിന്നും ചെങ്ങനാശ്ശേരി, ഏറ്റുമാനൂര്‍ തുടങ്ങിയ സീറ്റുകള്‍ ഏറ്റെടുക്കാന്‍ ഇപ്പോള്‍ തന്നെ കോണ്‍ഗ്രസ് വലിയ നീക്കമാണ് നടത്തുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്തില്‍ കൂടുതല്‍ സീറ്റുകള്‍ നല്‍കിയിട്ടും ജോസഫ് ഗ്രൂപ്പ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചില്ല എന്ന് കോണ്‍ഗ്രസ് പറയുന്നു.

23-Jan-2021