സർക്കാർ വിവാദങ്ങൾക്കു പിറകെയല്ല, ജനങ്ങൾക്കൊപ്പം: മന്ത്രി എ.സി മൊയ്തീൻ

സംസ്ഥാന സർക്കാരിൻ്റെ ലൈഫ് മിഷൻ പദ്ധതിയിലൂടെ അടുത്ത സാമ്പത്തിക വർഷത്തിൽ 1.5 ലക്ഷം വീടുകൾ കൂടി നിർമ്മിച്ചു നൽകുമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പു മന്ത്രി എ സി മൊയ്തീൻ തൃശൂരിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കേരളത്തിലെ അർഹരായ എല്ലാ ഭവനരഹിതർക്കും അടച്ചുറപ്പുള്ള വീട് എന്ന സ്വപ്നം ഈ പദ്ധതിയിലൂടെ യാഥാർത്ഥ്യമാക്കുമെന്നും മന്ത്രി അറിയിച്ചു.

2021 മാർച്ച് മുപ്പതിനുളളിൽ പദ്ധതിയിൽ ഉൾപ്പെട്ട 15,000 വീടുകൾ കൂടി പൂർത്തീകരിക്കും. ഇതോടൊപ്പം 30,000 വീടുകളുടെ നിർമ്മാണ പ്രവർത്തനങ്ങളും തുടങ്ങും. പുതിയ 8 ലക്ഷം അപേക്ഷകൾ പരിഗണനയ്ക്ക് വിധേയമാക്കി അതിൽ നിന്ന് അർഹരെ കണ്ടെത്തും. മൂന്നു ലക്ഷത്തിലധികം ആളുകളെ അടുത്ത ഘട്ടത്തിൽ പദ്ധതി ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടുത്താൻ പരിശ്രമം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

2,50, 547 വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനമാണ് സർക്കാർ ഇപ്പോൾ നടത്തുന്നത്. 8,823. 20 കോടി രൂപയാണ് ഇതിനായി ചെലവഴിച്ചത്. ലൈഫ് മിഷൻ പദ്ധതിയിൽ മാത്രം 1,43, 478 വീടുകളും പി എം എ വൈ - ലൈഫ് അർബനിൽ 63,449, പി എം എ വൈ - ലൈഫ് റൂറലിൽ 17, 149 വീടുകളും പൂർത്തിയാക്കി. പട്ടികജാതി- വർഗ വിഭാഗത്തെ പദ്ധതിയിലുൾപ്പെടുത്തി യഥാക്രമം 19,987 ഉം 2,095 ഉം വീടുകൾ നിർമിച്ചു നൽകി. മത്സ്യത്തൊഴിലാളി വിഭാഗത്തിനു 4,389 വീടുകളാണ് പദ്ധതിയിലൂടെ നിർമിച്ചു നൽകിയത്.

ലൈഫ് മിഷൻ്റെ ഒന്നാം ഘട്ടത്തിൽ 97 ശതമാനം വീടുകളും പൂർത്തീകരിക്കാനായി. രണ്ടാം ഘട്ടത്തിൽ ഇതേവരെ 89 ശതമാനം വീടുകളാണ് പൂർത്തിയായത്. ബാക്കിയുള്ളവ നിർമ്മാണത്തിന്റെ പൂർത്തീകരണ ഘട്ടത്തിലാണ്. മൂന്നാം ഘട്ട പ്രവർത്തനങ്ങളിൽ ഭൂരഹിത ഭവനരഹിതരുടെ പുനരധിവാസമാണ് പ്രധാനമായും സർക്കാർ ലക്ഷ്യമിടുന്നത്. അർഹരായ 1,35,769 ഗുണഭോക്താക്കളിൽ 19,534 പേർ ഭൂമിയുള്ള ഭവനരഹിതരും ഇതിലെ 11,043 പേർ തദ്ദേശ സ്ഥാപനങ്ങൾ വഴി ഭവനനിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്നതായും 2,765 പേർ ഭവന നിർമ്മാണം പൂർത്തിയാക്കിയതായും മന്ത്രി എ സി മൊയ്തീൻ അറിയിച്ചു.

ലൈഫ്ഭവന സമുച്ചയ നിർമാണ പദ്ധതിയിൽ 5 എണ്ണം മാർച്ചിലും 32 എണ്ണം മേയിലുമായി പൂർത്തിയാക്കും. 14 ഭവന സമുച്ചയങ്ങൾ കെയർ ഹോം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിർമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

സർക്കാർ വിവാദങ്ങൾക്കു പിറകെയല്ല, ജനങ്ങൾക്കൊപ്പമാണ്. വടക്കാഞ്ചേരി ഫ്ലാറ്റ് നിർമാണ വിവാദം സുപ്രീം കോടതിയ്ക്കു മുന്നിലുള്ള വിഷയമാണ്. നാടിൻ്റെ വികസന പ്രവർത്തനങ്ങളുടെ ഭാഗമായാണ് സർക്കാർ 140 പേർക്ക് അവിടെ താമസ സൗകര്യം ഒരുക്കുന്നത്. അതിനെ അപവാദ പ്രചരണം മൂലം തകർക്കാൻ ശ്രമിക്കുന്നവർ പരാജയപ്പെട്ടുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

27-Jan-2021