സംസ്ഥാനത്ത് കോവിഡ് വ്യാപനം കൂടുമെന്ന് ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട്

കേരളത്തില്‍ കോവിഡ് വ്യാപനം കൂടുമെന്ന് ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട്. അടുത്ത 13 ദിവസം കഴിയുമ്പോള്‍ രോഗികളുടെ എണ്ണം ഇരട്ടിയാകും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിന് മുകളില്‍ തുടരും. മരണനിരക്ക് ഉയരില്ല. ജാഗ്രത കൈവിട്ടാല്‍ തിരിച്ചടിയുണ്ടാകും.

തദ്ദേശ തിരഞ്ഞെടുപ്പ്, ക്രിസ്മസ്-ന്യൂഇയര്‍ ആഘോഷം, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നത് എന്നിവയെല്ലാം വ്യാപനം കൂടുന്നതിന് കാരണമായി. ലോക്ഡൗണ്‍ ഇളവുകള്‍ പൂര്‍മാക്കിയ ഒക് ടോബര്‍ മുതല്‍ ഇതുവരെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10ന് മുകളിലാണ്.

50 ശതമാനം സെന്‍സിറ്റിവിറ്റിയുള്ള ആന്റിജന്‍ പരിശോധനയാണ് സംസ്ഥാനത്ത് കൂടുതലും നടത്തുന്നത്. അതില്‍ തന്നെ രോഗം ഭേദമായെന്നു കണ്ടെത്താനുള്ള പരിശോധനയും ഉണ്ട്. ഇത് മാറ്റി ആര്‍.ടി- പി.സി.ആര്‍ പരിശോധന നടത്തണമെന്ന് ആരോഗ്യവിദഗ്ധര്‍ മുമ്പ് ആവശ്യപ്പെട്ടിരുന്നു.

ഇപ്പോള്‍ സര്‍ക്കാര്‍ അതിന് അനുമതി നല്‍കി. പി.സി.ആര്‍ ടെസ്റ്റുകളുടെ എണ്ണം കൂട്ടും. രോഗലക്ഷണങ്ങളുള്ള എല്ലാവര്‍ക്കും ആര്‍.ടി-പി.സി.ആര്‍ പരിശോധന നടത്തും.

56 ശതമാനം പേര്‍ക്ക് രോഗം ബാധിക്കുന്നത് വീടുകള്‍ക്ക് അകത്തുനിന്നു തന്നെയാണെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളെജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം നടത്തിയ പഠനം വ്യക്തമാക്കുന്നത്. രോഗവുമായി പുറത്തുനിന്നു വരുന്നവരാണ് വീട്ടില്‍ കഴിയുന്നവര്‍ക്ക് രോഗം നല്‍കുന്നത്. 20 ശതമാനം പേര്‍ക്ക് രോഗം പകരുന്നത് മാര്‍ക്കറ്റുകള്‍, ഷോപ്പിംഗ് മാളുകള്‍, റസ്റ്റോറണ്ടുകള്‍ എന്നിവിടങ്ങളില്‍ നിന്നും യോഗസ്ഥലങ്ങളില്‍ നിന്നുമാണ്.

തൊഴിലിടങ്ങളില്‍ നിന്ന് രോഗം പടരുന്നത് 20 ശതമാനത്തോളം പേര്‍ക്കാണ്. രോഗബാധിതരാകുന്ന 65 ശതമാനം പേരും സാമൂഹിക അകലം പാലിക്കാത്തവരാണ്. 45 ശതമാനം മാസ്‌ക്ക് ധരിക്കാത്തവര്‍.

രോഗലക്ഷണമൊന്നുമില്ലാത്തവരില്‍ നിന്ന് 30 ശതമാനത്തോളം പേര്‍ക്ക് രോഗം പകരുന്നുണ്ട്. കുട്ടികളില്‍ 5 ശതമാനം പേര്‍ക്ക് വിദ്യാലയങ്ങളില്‍ നിന്ന് രോഗം പകരുന്നു. എന്നാല്‍ 47 ശതമാനം കുട്ടികള്‍ക്കും രോഗം പകരുന്നത് വീടുകളില്‍ നിന്നു തന്നെയാണ്.

28-Jan-2021