കേരളത്തിലേത് വര്‍ഗീയ ഫാസിസത്തിന് കീഴടങ്ങാത്ത ഒരു ജനതയുടെ സർക്കാർ: സക്കറിയ
അഡ്മിൻ
വര്‍ഗീയ ഫാസിസത്തിന് കീഴടങ്ങാത്ത ഒരു ജനതയുടെ സര്‍ക്കാരാണ് കേരളത്തിലേതെന്ന് എഴുത്തുകാരന്‍ സക്കറിയ. ഇന്നത്തെ ഇന്ത്യയില്‍ കേരളത്തിലെ സര്‍ക്കാരിന് പ്രത്യേക അര്‍ഥവും പ്രസക്തിയുമുണ്ടെന്നും ഇന്ത്യക്ക് മുഴുവന്‍ ഇക്കാര്യത്തില്‍ നാം മാതൃകയാണെന്നും സക്കറിയ പറഞ്ഞു. എഴുത്തച്ഛന്‍ പുരസ്‌കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടതുപക്ഷത്തെപ്പറ്റി പ്രതീക്ഷകളുണ്ട്. ബോധജ്ഞാനവും ആധുനികതയും കൈവരിച്ച് ഇടതുപക്ഷം ശക്തിപ്പെടേണ്ടത് കേരളത്തിന്റെ ഭാവിക്ക് അതിപ്രധാനമാണ്. വര്‍ഗീയതയ്ക്ക് അടിമപ്പെടാന്‍ വിസമ്മതിക്കുന്ന ഒരു ജനതയുടെ ഭരണകൂടത്തോടുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കലിന്റെ ഭാഗമായാണ് എഴുത്തച്ഛന്‍ പുരസ്‌കാരം ഏറ്റുവാങ്ങുന്നത്. അടിയന്തരാവസ്ഥയെക്കാള്‍ പതിന്മടങ്ങ് സാമര്‍ഥ്യത്തോടെ സ്വേച്ഛാധിപത്യം രാജ്യത്ത് അരങ്ങേറുകയാണ്.
ഓരോ പൗരനും ഭരണകൂടത്തെയും സമാന്തര അധികാര കേന്ദ്രങ്ങളെയും വിമര്‍ശിക്കണമെന്നും സക്കറിയ പറഞ്ഞു. സക്കറിയയുടെ രചനകള്‍ സമൂഹത്തെയും സമുദായങ്ങളെയും ആത്മപരിശോധനയ്ക്ക് പ്രേരിപ്പിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അഞ്ച് ലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.