ലൈഫ് മിഷൻ നടത്തിയത് സമാനതകളില്ലാത്ത പാർപ്പിട വികസനപ്രവർത്തനം: മുഖ്യമന്ത്രി
അഡ്മിൻ
ലൈഫ് മിഷൻ പദ്ധതി വഴി രണ്ടര ലക്ഷം വീടുകൾ പൂർത്തീകരിച്ചതിന്റെ ഉദ്ഘടാനം നിർവഹിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളചരിത്രത്തിലെ സമാനതകളില്ലാത്ത പാർപ്പിട വികസന പ്രവർത്തനമാണ് ലൈഫ് മിഷൻ നടത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം വട്ടിയൂർകാവിലെ പ്രഭ എന്ന വീട്ടമ്മയുടെ ഗൃഹപ്രവേശ ചടങ്ങിൽ മുഖ്യമന്ത്രി നേരിട്ട് പങ്കെടുത്തു.
2,50,547 വീടുകളുടെ പ്രഖ്യാപനമാണ് മുഖ്യമന്ത്രി ഇന്ന് നടത്തിയത്. ലൈഫ് പദ്ധതിയിലൂടെ രണ്ടര ലക്ഷം വീട് പൂർത്തിയാക്കാനായത് അഭിമാനകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊവിഡിനെ പ്രതിരോധിക്കാൻ കഴിഞ്ഞത് ആർദ്രം പദ്ധതി വഴിയാണ്. ആരോഗ്യമേഖലയെ ഈ രീതിയിൽ കരുത്തുറ്റതാക്കുന്നതിന് ആർദ്രം വഹിച്ച പങ്ക് ചെറുതായിരുന്നില്ല. സർക്കാർ മുന്നോട്ട് വെച്ച എല്ലാ പദ്ധതികളും നടപ്പാക്കാൻ സർക്കാരിന് സാധിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
സാമൂഹ്യ നീതിയിലധിഷ്ഠിതമായ സർവതല സ്പർശിയായ വികസനം എന്നാണ് എൽ.ഡി.എഫ് നേരത്തെ വാഗ്ദാനം ചെയ്തത്.അതിൽ പ്രധാനപ്പെട്ട ഒന്നാണ് കിടന്നുറങ്ങാൻ വീടില്ലാത്തവർക്ക് പാർപ്പിടമൊരുക്കൽ. നല്ലസമ്പത്തുള്ളവർക്ക് ഏത് വലിയ ആശുപത്രിയിലും പോയി ചികിത്സിക്കാനുള്ള സാഹചര്യമുണ്ടാകും. അവർക്ക് മെച്ചപ്പെട്ട സ്‌കൂളുകളിൽ പഠിക്കാനാവും. എന്നാൽ പാവപ്പെട്ടവർക്കാണ് ഇതിന്റെ ഗുണഫലങ്ങൾ കിട്ടുന്നത്. അതിലാണ് സർക്കാർ ശ്രദ്ധ കേന്ദ്രീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാം അടച്ചുറപ്പുള്ള സുരക്ഷിതത്വമുള്ള വീടുകളാണെന്നും അദ്ദേഹം പറഞ്ഞു. ലൈഫ്മിഷൻ ഉദ്ദേശിച്ചത് ആത്മാഭിമാനത്തോടെ ജീവിക്കാൻ കഴിയുന്ന ഒരു സാഹചര്യം സൃഷ്ടിക്കലാണ്.
8,823.20 കോടി രൂപയാണ് നിർമാണ പ്രവർത്തനങ്ങൾക്കായി ചെലവഴിച്ചത്. ലൈഫ് മിഷൻ പദ്ധതിയിലൂടെ അടുത്ത വർഷം 1.5 ലക്ഷം വീടുകൾ നൽകുമെന്നാണ് സർക്കാർ പ്രഖ്യാപനം. ഭൂരഹിതരും ഭവന രഹിതരുമായ 1.35 ലക്ഷം കുടുംബങ്ങൾക്കാണ് മുൻഗണന നൽകുന്നത്. ഇതിൽ അറുപതിനായിരം വീടുകൾ മത്സ്യത്തൊഴിലാളികൾക്കും പട്ടിക വിഭാഗത്തിനുമാണ്. പട്ടിക വിഭാഗത്തിന് ഭൂമി വാങ്ങുന്നതിന് തുക വകയിരുത്തിയിട്ടുണ്ട്.
നാടിനുണ്ടാകുന്ന നേട്ടങ്ങളെ ഇടിച്ചു കാട്ടുക, ജനങ്ങൾക്ക് ലഭ്യമാകുന്ന സൗകര്യങ്ങളെ അപഹസിക്കുക തുടങ്ങിയ കാര്യങ്ങൾക്കായി നുണ പ്രചരണവുമായി നിരവധി പേരുണ്ട്. പക്ഷെ ഇതൊക്കെ ജനങ്ങളുടെ സ്വയം ബോധ്യത്തിലുള്ള കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അനാവശ്യ ആരോപണങ്ങളിലും അപവാദ പ്രചരണങ്ങളിലോ ഭയന്ന് ജനങ്ങൾക്ക് ഗുണകരമാകുന്ന ഒരു പദ്ധതിയും സർക്കാർ ഉപേക്ഷിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.