ബംഗാളിൽ ഒന്നിച്ച് മത്സരിക്കാൻ കോൺഗ്രസും ഇടത് പാർട്ടികളും

പശ്ചിമബംഗാളിൽ ഒന്നിച്ച് മത്സരിക്കുന്ന കോൺഗ്രസും ഇടത് പാർട്ടികളും സീറ്റ് പങ്കുവെയ്ക്കലിൽ ധാരണയായി. 193 സീറ്റുകളിലാണ് ധാരണയായിട്ടുളളത്. 294 സീറ്റുകളാണ് ബംഗാൾ നിയമസഭയിൽ ഉളളത്. കോൺഗ്രസ് 92 സീറ്റിലും ഇടത് മുന്നണി 101 സീറ്റുകളിലുമാണ് മത്സരിക്കുക.

തിങ്കളാഴ്ചയാണ് കോൺഗ്രസും ഇടത് പാർട്ടികളും സീറ്റ് പങ്കുവെയ്ക്കലിൽ ചർച്ച തുടങ്ങിയത്. 2016 ലെ തെരഞ്ഞെടുപ്പിൽ വിജയിച്ച സീറ്റുകൾ ഇരുവിഭാഗങ്ങളും വിട്ടുകൊടുക്കേണ്ടതില്ലെന്നായിരുന്നു ആദ്യ ധാരണ. ബാക്കി 217 സീറ്റുകളിൽ ഈ മാസം 31 നകം തീരുമാനമെടുക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. നിലവിൽ ധാരണയാകാത്ത ബാക്കിയുളള 101 സീറ്റുകളിൽ ഇരുപാർട്ടികളും ചർച്ച നടത്തി തീരുമാനിക്കുമെന്ന് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ ആധിർ രഞ്ജൻ ചൗധരി പറഞ്ഞു.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് 44 സീറ്റുകളും ഇടത് മുന്നണിക്ക് 33 സീറ്റുകളുമായിരുന്നു ഉണ്ടായിരുന്നത്. തൃണമൂൽ കോൺഗ്രസിന് 211 സീറ്റുകളും ബിജെപിക്ക് മൂന്ന് സീറ്റുകളും ലഭിച്ചിരുന്നു. 2019 ലോക്സഭാ തെരഞ്ഞടുപ്പിൽ കോൺഗ്രസും ഇടതും രണ്ടായിട്ടാണ് മത്സരിച്ചത്. എന്നാൽ കോൺഗ്രസ് രണ്ട് സീറ്റുകളെങ്കിലും നേടിയപ്പോൾ ഇടതുമുന്നണിയുടെ നേട്ടം പൂജ്യത്തിലൊതുങ്ങി.

29-Jan-2021