കോവിഡ് തടയൽ: സംസ്ഥാനത്ത് നിരീക്ഷണം ശക്തിപ്പെടുത്തും: മുഖ്യമന്ത്രി

കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പോലീസിന്റെ നിരീക്ഷണം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ബസ് സ്റ്റാന്റ്, റെയിൽവെ സ്റ്റേഷൻ, ആശുപത്രികൾ, ഷോപ്പിങ് മാളുകൾ എന്നിവിടങ്ങളിൽ പൊതുജനങ്ങൾ സാമൂഹിക അകലം പാലിക്കുന്നുവെന്നും മാസ്‌ക് ധരിക്കുന്നുവെന്നും പൊലീസ് ഉറപ്പാക്കും. നിലവിൽ സെക്ടറൽ മജിസ്ട്രേറ്റുമാരെ വിന്യസിച്ചിട്ടുണ്ട്. എങ്കിലും വീണ്ടും ആവശ്യമുള്ള സ്ഥലങ്ങളിൽ സെക്ടറൽ മജിസ്ട്രേറ്റുമാരെ വിന്യസിക്കും. ഇതിനായി സംസ്ഥാനത്തെ പൊതുസ്ഥലങ്ങളിൽ വെള്ളിയാഴ്ച രാവിലെ മുതൽ ഫെബ്രുവരി പത്തു വരെ 25,000 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും.

പൊതുസമ്മേളനങ്ങൾ, വിവാഹം, അതുപോലുളള മറ്റ് ചടങ്ങുകൾ എന്നിവ നടത്തുന്നതിന് അടഞ്ഞ ഹാളുകൾ കഴിയുന്നതും ഒഴിവാക്കണം. പകരം അവ തുറസ്സായ സ്ഥലങ്ങളിൽ ശാരീരിക അകലം പാലിച്ച് നടത്തുകയാവും ഉചിതം. ഇക്കാര്യത്തിൽ ഹോട്ടൽ അധികൃതരുടെയും മറ്റും സഹകരണം അത്യാവശ്യമാണ്. രാത്രിയിൽ അത്യാവശ്യ യാത്രകൾ മാത്രമേ നടത്താവൂ. രാത്രി പത്ത് മണിക്കുശേഷം യാത്രകൾ കഴിയുന്നതും ഒഴിവാക്കണമെന്ന് പൊതുജനങ്ങളോട് മുഖ്യമന്ത്രി അഭ്യർഥിച്ചു.

കുറച്ചു ദിവസങ്ങളായി കോവിഡ് കേസുകൾ കൂടുകയും ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 10 ശതമാനത്തിനു മുകളിലേയ്ക്ക് ഉയരുകയും ചെയ്തിട്ടുണ്ട്. ഒരു ഘട്ടത്തിൽ രോഗവിമുക്തരുടെ എണ്ണം രോഗികളുടെ എണ്ണത്തിനു തുല്യമോ കൂടുതലോ ആയിരുന്ന സ്ഥിതിയിൽ എത്തിയിരുന്നു. നേരത്തെ ഉണ്ടായിട്ടുള്ളത്ര വ്യാപകമായ വർദ്ധനവില്ലെങ്കിലും രോഗവിമുക്തരേക്കാൾ രോഗികളുടെ എണ്ണം ഓരോ ദിവസവും കൂടുന്ന ഒരു സാഹചര്യം വന്നിട്ടുണ്ട്. തികഞ്ഞ ജാഗ്രതയോടെ നമ്മൾ സമീപിക്കേണ്ട കാര്യമാണിതെന്നതിൽ സംശയമില്ല.
കേരളത്തിൽ കേസ് പെർ മില്യൺ ഇതുവരെ 25,762.11 ആണ്. മിക്ക സംസ്ഥാനങ്ങളേക്കാൾ കൂടുതലാണിത്. അതെ സമയം 2,67,648.74 ആണ് നമ്മുടെ ടെസ്റ്റ് പെർ മില്യൺ. മിക്ക സംസ്ഥാനങ്ങളേക്കാളും കൂടുതലാണ് നമ്മൾ നടത്തുന്ന ടെസ്റ്റുകളുടെ എണ്ണം. എന്നാലും അത് ഇനിയും വർധിപ്പിക്കണം എന്നതാണ് സർക്കാർ തീരുമാനം. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റും കേരളത്തിൽ മറ്റു പല സ്ഥലങ്ങളേക്കാൾ ഉയർന്നിരിക്കുന്നു. എന്നാൽ, മരണസംഖ്യ താരതമ്യേന കുറവാണ്. പത്തു ലക്ഷത്തിൽ 104.32 പേരാണ് കേരളത്തിൽ മരിച്ചത്. നമ്മുടെ അയൽ സംസ്ഥാനങ്ങളിലുൾപ്പെടെ ഈ സംഖ്യ ഇവിടത്തേക്കാൾ ഉയർന്ന നിലയിലാണ്. കേസ് ഫെറ്റാലിറ്റി റേറ്റ് ഏറ്റവും കുറഞ്ഞിരിക്കുന്ന സംസ്ഥാനവും കേരളം തന്നെ. 0.4 ശതമാനം മാത്രമാണ് കേരളത്തിലെ കേസ് ഫെറ്റാലിറ്റി റേറ്റ്.

കോവിഡ് ടെസ്റ്റുകളുടെ എണ്ണം പ്രതിദിനം ഒരു ലക്ഷമായി വർധിപ്പിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. ഇതിൽ 75 ശതമാനം ആർടിപിസിആർ പരിശോധനയായിരിക്കും. കേസുകൾ കൂടുന്ന സാഹചര്യത്തിൽ ‘അടിസ്ഥാനങ്ങളിലേയ്ക്ക് തിരികെ പോവുക’ എന്ന മുദ്രാവാക്യമുയർത്തി പ്രതിരോധപ്രവർത്തനങ്ങളെ കൂടുതൽ ശക്തമാക്കാനാണ് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ശ്രമിച്ചുവരുന്നത്. അതിന്റെ ഭാഗമായി മാധ്യമങ്ങൾ ഉപയോഗിച്ചും ഫീൽഡ് പ്രവർത്തനങ്ങളിലൂടെയും ജനങ്ങളെ കൂടുതൽ ബോധവൽക്കരിക്കാനും പ്രവർത്തന സജ്ജരാക്കാനുമുള്ള കാര്യങ്ങൾ നടന്നു വരുന്നു. പനിയുടെ ലക്ഷണങ്ങൾ കണ്ടാലുടൻ ടെസ്റ്റ് നടത്താനും രോഗം കണ്ടെത്താനുമുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കും. സെറോ സർവൈലൻസ് സർവേയും ജീനോം പഠനവും നടന്നു വരികയാണ്. ഫെബ്രുവരി 15ന് ആദ്യത്തെ റിപ്പോർട്ട് പൂർത്തിയാകുമെന്നാണ് പ്രതീക്ഷ.

സീറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിക്കുന്ന കോവിഷീൽഡ് വാക്സിൻ 7,94,000 ഡോസുകളാണ് കേരളത്തിനു ലഭിച്ചിട്ടുള്ളത്. നമ്മുടെ ഹെൽത്ത് കെയർ വർക്കർമാരിൽ 17.54 ശതമാനം ആളുകൾക്ക് വാക്സിൻ നൽകി.

മാസ്‌ക് ഉപയോഗം കുറഞ്ഞു വരുന്നുണ്ട്. ട്രെയിൻ യാത്രക്കാരിൽ ഈ പ്രവണത കൂടുതലായി കാണുന്നു. നിയന്ത്രണങ്ങളിൽ അയവു വന്നതോടെ ഇനി കോവിഡിനെ ഭയപ്പെടേണ്ടതില്ല എന്ന പൊതുസമീപനത്തിൽ ആളുകൾ എത്തിയിട്ടുണ്ട്. അത് വലിയ അപകടമാണുണ്ടാക്കുക. അക്കാര്യത്തിലും സമൂഹത്തിന്റെ പൊതുവായ ജാഗ്രത വർധിക്കണം. നാം മാതൃകാപരമായി തന്നെ ഈ രോഗത്തോട് പൊരുതുകയാണ്. നമ്മുടെ ആരോഗ്യമേഖല ആകെയും സമൂഹം ഒന്നടങ്കവും ഈ പോരാട്ടത്തിൽ ഉണ്ട്. രോഗബാധിതർക്ക് മികച്ച ചികിത്സ ലഭ്യമാക്കുന്നുണ്ട്. നാടിന്റെ കൂട്ടായ്മയും നമ്മുടെയാകെ ഒത്തൊരുമിച്ചുള്ള പ്രവർത്തനവും കൊണ്ട് ഈ അപകടസന്ധി മുറിച്ചുകടക്കാൻ കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

 

29-Jan-2021