പ്രക്ഷോഭം നീളാൻ കാരണം കേന്ദ്രസര്‍ക്കാരിന്റെ ധാര്‍ഷ്ട്യ മനോഭാഭാവം: സംയുക്ത കിസാന്‍ മോര്‍ച്ച

ഇന്ത്യയിൽ ഇപ്പോൾ പുതിയതായി വിഭാഗം സമര ജീവികള്‍ ഉദയം ചെയ്തിട്ടുണ്ടെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശത്തിനെതിരെ കര്‍ഷക സംഘടനകള്‍. ബ്രിട്ടീഷ് സാമ്രാജ്യത്വത്തില്‍ നിന്ന് ഇന്ത്യയെ മോചിപ്പിച്ചത് ഒരുകൂട്ടം സമര ജീവികളാണെന്നും അതിനാല്‍ സമര ജീവിയെന്നതില്‍ അഭിമാനിക്കുന്നുവെന്നും സംയുക്ത കിസാന്‍ മോര്‍ച്ച പ്രസ്താവനയില്‍ പ്രധാനമന്ത്രിയെ അറിയിച്ചു.

ബി.ജെ.പിയോ അവരുടെ മുന്‍ഗാമികളും ബ്രിട്ടീഷുകാര്‍ക്കെതിരേയുള്ള പ്രക്ഷോഭത്തില്‍ ഒരിക്കലും പങ്കെടുത്തിട്ടില്ല. ജനകീയ പ്രക്ഷോഭങ്ങളെ അവര്‍ എല്ലായിപ്പോഴും ഭയപ്പെടുന്നു. ഇന്നത്തെ കര്‍ഷക സമരത്തെ ബി.ജെ.പിക്കാര്‍ ഭയപ്പെടുന്നത് അതുകൊണ്ടാണെന്നും കര്‍ഷക സംഘടനകള്‍പ്രസ്താവനയിൽ വിമർശനം ഉന്നയിക്കുന്നു.

ഇപ്പോൾ പോലും തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാണെങ്കില്‍ കൃഷി പാടങ്ങളിലേക്ക് തിരിച്ചുപോകാന്‍ കര്‍ഷകര്‍ക്ക് സന്തോഷമേയുള്ളു. എന്നാൽ, കേന്ദ്ര സര്‍ക്കാരിന്റെ ധാര്‍ഷ്ട്യ മനോഭാവാണ് പ്രക്ഷോഭം നീണ്ടുപോകാന്‍ കാരണമെന്നും കര്‍ഷക നേതാക്കള്‍ ചൂണ്ടിക്കാണിച്ചു. ഇന്നലെ രാ​ഷ്ട്ര​പ​തി​യു​ടെ ന​യ​പ്ര​ഖ്യാ​പ​ന​ത്തി​ന്‍ മേ​ലു​ള്ള ന​ന്ദി പ്ര​മേ​യ​ത്തി​ല്‍ രാ​ജ്യ​സ​ഭ​യി​ല്‍ ന​ട​ത്തി​യ മ​റു​പ​ടി പ്ര​സം​ഗ​ത്തി​ലാ​ണ് ക​ര്‍​ഷ​ക സ​മ​ര​ത്തെ​ എതിർത്തുകൊണ്ട് പ്ര​ധാ​ന​മ​ന്ത്രി സം​സാ​രി​ച്ച​ത്.

എവിടെയെല്ലാം പ്രതിഷേധമുണ്ടോ അവിടെ സമരജീവികളെ കാണാനാകും. ഇവര്‍ക്ക് സമരം ഇല്ലാതെ ജീവിക്കാനാകില്ല. ഇങ്ങനെയുള്ളവരെ തിരിച്ചറിയണമെന്നും അവരില്‍ നിന്ന് രാജ്യത്തെ സംരക്ഷിക്കണമെന്നുമാണ് മോദി പറഞ്ഞിരുന്നത്.

09-Feb-2021