ആറ്റുകാല്‍ പൊങ്കാല ഇന്ന്. രാവിലെ 10.50നാണ് പണ്ടാര അടുപ്പിലേക്ക് തീ പകരുക. 3.40നാണ് പൊങ്കാല നിവേദ്യം. കോവിഡ് പശ്ചാത്തലത്തില്‍ ഭക്തര്‍ വീടുകളില്‍ തന്നെ പൊങ്കാല ഇടണമെന്നാണ് നിര്‍ദേശം. പൊതു നിരത്തുകളില്‍ പൊങ്കാല ഇടാന്‍ അനുവാദമുണ്ടാകില്ല.
ക്ഷേത്രത്തിലെ പണ്ടാര അടുപ്പിൽ മാത്രമാകും ക്ഷേത്രവളപ്പിലെ പൊങ്കാല. ഈ ചടങ്ങിൽ കഴിയുന്നത്രയും കുറച്ച് ആളുകൾ മാത്രം പങ്കെടുക്കുകയും സാമൂഹിക അകലമടക്കമുള്ള കോവിഡ് പ്രോട്ടോക്കോൾ പാലിക്കുകയും വേണം. വീടുകളിൽ പൊങ്കാലയിടുന്നവരും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.
വീടുകളിൽ പൊങ്കാലയിട്ട ശേഷം ആളുകൾ കൂട്ടമായി ക്ഷേത്ര ദർശനത്തിന് എത്തുന്നത് ഒഴിവാക്കണമെന്ന് ജില്ലാഭരണകൂടം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ ഉറപ്പാക്കുന്നതിനായി ക്ഷേത്രപരിസരത്ത് ആറു സെക്ടറൽ മജിസ്‌ട്രേറ്റുമാരെ സ്‌പെഷ്യൽ ഡ്യൂട്ടിയിൽ നിയോഗിച്ചിട്ടുണ്ട്. തിരക്ക് നിയന്ത്രിക്കുന്നതിനായി പൊലീസ് ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്