കോൺഗ്രസ് നേതൃത്വത്തിനെതിരെ പരോക്ഷ വിമർശനവുമായി ആര്യാടൻ ഷൗക്കത്ത്

കോൺഗ്രസ് നേതൃത്വത്തിനെതിരെ പരോക്ഷ വിമർശനവുമായി ആര്യാടൻ ഷൗക്കത്ത്. തിരഞ്ഞെടുപ്പ് ഘട്ടത്തിൽ ആര്യാടൻ ഷൗക്കത്തിന് നൽകിയ മലപ്പുറം ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് കഴിഞ്ഞ ദിവസം വീണ്ടും വി.വി.പ്രകാശിനെ നിയോഗിച്ചിരുന്നു. തുടർന്ന് പദവികളുടെ പടി വാതിലടച്ച് പുറത്ത് നിർത്താം, എന്നാൽ ആത്മാഭിമാനം കളങ്കപ്പെടുത്തി ആരുടെ മുന്നിലും കീഴ്പ്പെടാനില്ലെന്ന് ഷൗക്കത്ത് തന്റെ ഫെയ്സ്ബുക്കിൽ കുറിച്ചു.

'പിന്നിൽ നിന്നും കഠാരയിറക്കി കീഴ്പ്പെടുത്തി കഴിവ്കെട്ട യോദ്ധാവെന്ന് മുദ്രകുത്താം. പദവികളുടെ പടി വാതിലടച്ച് പുറത്ത് നിർത്താം. പദവികൾക്ക് വേണ്ടി മതേതര മൂല്യങ്ങൾ പണയം വെച്ച് മതാത്മക രാഷ്ടീയത്തിന്റെ ഉപജാപങ്ങൾക്ക് മുന്നിൽ മുട്ടിലിഴയുന്നവർ അറിയുക. ഇനിയും ഒരുപാട് തോറ്റാലും ശരി, നാടിന്റെ മോചനം സാധ്യമാക്കിയ ദേശീയ കുലത്തിന്റെ ആത്മഭിമാനം കളങ്കപ്പെടുത്തി ആരുടെ മുന്നിലും കീഴ്പ്പെടാനില്ല. ഇനിയും നടക്കാനേറെയുണ്ട്. ഒട്ടേറെ സൂര്യോദയങ്ങൾ കാണാനുണ്ട്' ആര്യാടൻ ഷൗക്കത്ത് കുറിച്ചു.

സീറ്റുതർക്കത്തിന്റെ ഭാഗമായാണ്, ഒരു നീക്കുപോക്കെന്ന നിലയിൽ ഷൗക്കത്തിന് ഡി.സി.സി. പ്രസിഡന്റ് സ്ഥാനം നൽകിയത്. നിലമ്പൂർ സീറ്റിനുവേണ്ടി വി.വി. പ്രകാശും ആര്യാടൻ ഷൗക്കത്തും തമ്മിലുണ്ടായിരുന്ന തർക്കത്തെത്തുടർന്ന് സ്ഥാനാർഥിനിർണയം നീണ്ടുപോയിരുന്നു. കഴിഞ്ഞതവണ ഷൗക്കത്തിനുവേണ്ടി ഒഴിഞ്ഞുകൊടുത്തതിനാൽ ഇത്തവണ മാറിനിൽക്കാൻ തയ്യാറല്ലെന്ന് വി.വി പ്രകാശും നഷ്ടപ്പെട്ട സീറ്റ് തിരിച്ചുപിടിക്കുമെന്ന് ഷൗക്കത്തും നിലപാടെടുത്തതോടെയാണ് നേതൃത്വം പ്രതിസന്ധിയിലായത്.

പട്ടാമ്പി സീറ്റ് ഷൗക്കത്തിന് വാഗ്ദാനംചെയ്തെങ്കിലും അദ്ദേഹം സ്വീകരിച്ചില്ല. അതോടെയാണ് ഡി.സി.സി. പ്രസിഡന്റായി നിയമിച്ചത്. താത്കാലിക ഡി.സി.സി. പ്രസിഡന്റ് സ്ഥാനത്തിനുവേണ്ടി പട്ടാമ്പി സീറ്റ് തിരസ്‌കരിച്ചത് രാഷ്ട്രീയ മണ്ടത്തരമായിപ്പോയെന്ന ചിന്തയാണ് ഷൗക്കത്തിനും അദ്ദേഹത്തെ അനുകൂലിക്കുന്നവർക്കും.

അറിയിപ്പ് വന്നയുടൻ, ഡി.സി.സി. പ്രസിഡന്റിന്റെ ചുമതല നിർവഹിക്കാൻ 20 ദിവസം അവസരം തന്നതിന് നന്ദി രേഖപ്പെടുത്തി ഷൗക്കത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റുണ്ടായിരുന്നു. നിലമ്പൂരിൽ യു.ഡി.എഫ്. വിജയിച്ചാൽ വീണ്ടും ഡി.സി.സി. പ്രസിഡന്റ് സ്ഥാനത്തേക്ക് ഷൗക്കത്തിനുതന്നെ വന്നേക്കാം. എന്നാൽ സീറ്റ് നഷ്ടപ്പെട്ടാൽ വീണ്ടും തർക്കത്തിനാണ് സാധ്യത.

15-Apr-2021