പിഎം കെയേഴ്‌സിലേയ്ക്ക് സമാഹരിച്ച പണം ഉപയോഗിച്ച് ആരോഗ്യപരിരക്ഷ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തണം; സി.പി.ഐ.എം
അഡ്മിൻ
കോവിഡ് മൂലം കഷ്ടത അനുഭവിക്കുന്ന ജനതയെ സംരക്ഷിക്കാൻ കേന്ദ്രസര്‍ക്കാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കണമെന്ന് സി.പി.ഐ.എം പൊളിറ്റ്ബ്യൂറോ. കോവിഡ് വ്യാപനവും കെടുതികളും മരണങ്ങളും നിയന്ത്രിക്കാനും സർക്കാർ കാര്യക്ഷമമായ കർമ്മ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കണമെന്നാണ് സി.പി.ഐ.എം ആവശ്യപ്പെടുന്നത്.
ജനത്തെ കുറ്റപ്പെടുത്തി ഉത്തരവാദിത്തത്തിൽ നിന്നും ഒഴിയരുതെന്നും പാർട്ടി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്നു. രാജ്യത്ത് കോവിഡ് നിയന്ത്രണാതീതമായി പടരുകയാണ്. സംസ്ഥാന സര്‍ക്കാരുകളെയും നിയന്ത്രണങ്ങള്‍ പാലിച്ചില്ലെന്ന പേരില്‍ ജനങ്ങളെയും കുറ്റപ്പെടുത്തി ഉത്തരവാദിത്തത്തില്‍നിന്ന് കേന്ദ്രത്തിന് ഒഴിയാനാകില്ലെന്നും സി.പി.ഐ.എം പറഞ്ഞു. ജനങ്ങള്‍ ജീവനോപാധികള്‍ നഷ്ടപ്പെട്ട് ദുരിതത്തിലാണ്. അര്‍ഹരായവരുടെ ബാങ്ക് അക്കൗണ്ടില്‍ പ്രതിമാസം 7,500 രൂപ വീതം നിക്ഷേപിക്കണം.
ആവശ്യമായ എല്ലാവര്‍ക്കും ഭക്ഷ്യധാന്യം സൗജന്യമായി നല്‍കണം. ഗ്രാമീണതൊഴിലുറപ്പ് പദ്ധതി വിപുലീകരിക്കണം. നഗരപ്രദേശങ്ങളിലും ഉടന്‍ തൊഴിലുറപ്പ് പദ്ധതി ആരംഭിക്കണം. ജനങ്ങള്‍ വന്‍തോതില്‍ ഒത്തുചേരുന്ന എല്ലാ പരിപാടികളും കേന്ദ്രസര്‍ക്കാര്‍ നിരോധിക്കണം. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രോട്ടോക്കോള്‍ പാലിക്കണം, എല്ലാ അതിഥി തൊഴിലാളികളെയും അവരവരുടെ നാട്ടില്‍ തിരിച്ചെത്തിക്കാന്‍ സൗജന്യമായി പ്രത്യേക ട്രെയിനുകള്‍ ഏര്‍പ്പെടുത്തണം.
പിഎം കെയേഴ്‌സിലേയ്ക്ക് സമാഹരിച്ച പണം വിനിയോഗിച്ച് ആരോഗ്യപരിരക്ഷ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തണം. വാക്‌സിനേഷന്‍ നല്‍കാന്‍ വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും സി.പി.ഐ.എം പി.ബി ആവശ്യപ്പെട്ടു.