വള്ളികുന്നം അഭിമന്യു കൊലക്കേസിൽ ആർഎസ്എസ് പ്രവർത്തകൻ സജയ് ദത്ത് ഉൾപ്പടെ അഞ്ച് പ്രതികൾ

വള്ളികുന്നത്ത് പതിനഞ്ചുകാരനായ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ ആർഎസ്എസ് പ്രവർത്തകൻ സജയ് ദത്ത് ഉൾപ്പടെ അഞ്ച് പ്രതികളുണ്ടെന്ന് സൂചന. കൊല്ലപ്പെട്ട അഭിമന്യുവിൻറെ മൃതദേഹം ഇന്ന് സംസ്കരിക്കും. വള്ളികുന്നം കൊലപാതകത്തിൽ പ്രതികളായ അഞ്ചുപേരെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. മുഖ്യപ്രതി സജയ് ദത്ത് ആർഎസ്എസ് പ്രവർത്തകൻ ആണ്.

പ്രതികളെ പിടികൂടി ചോദ്യം ചെയ്താൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരൂ. കൊല്ലപ്പെട്ട അഭിമന്യുവിനൊപ്പമുണ്ടായിരുന്ന കാശിയുടെയും ആദർശിന്റെയും മൊഴി നിർണായകമാണ്. ചികിത്സയിലുള്ള ഇവരുടെ മൊഴി അന്വേഷണസംഘം ഇന്ന് രേഖപ്പെടുത്തും. പ്രതികളെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും ലഭ്യമായെന്നാണ് പോലീസ് പറയുന്നത്.

പരിശീലനം ലഭിച്ച കൊലയാളികൾ മൂർച്ചയേറിയ ആയുധം ശരീരത്തിൽ കുത്തിയിറക്കിയാണ് അഭിമന്യുവിനെ കൊലപ്പെടുത്തിയത്. അഭിമന്യുവിനെ ആക്രമിച്ച സംഘത്തിലെ മുഖ്യപ്രതി സജയ് ദത്ത് എന്നയാളാണെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.അതേസമയം, മൃതദേഹം കറ്റാനത്തുള്ള സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്കുമാറ്റി. ഇന്ന് രാവിലെ 11 മണിക്ക് ചൂനാട് ജംഗ്ഷനിൽ നിന്നും വിലാപയാത്ര ആരംഭിക്കും. തുടർന്ന് സിപിഐ(എം) വള്ളികുന്നം കിഴക്ക് ലോക്കൽ കമ്മിറ്റി ഓഫീസ് അങ്കണത്തിൽ പൊതുദർശനത്തിനുവെക്കും. സംസ്കാരം ഉച്ചക്ക് രണ്ട് മണിക്ക് വീട്ടുവളപ്പിൽ നടക്കും.

അഭിമന്യുവിന്റെ കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യമാണെന്ന് പിതാവ് അമ്പിളി കുമാർ പറഞ്ഞു. മുൻപ് ആർഎസ്എസ് പ്രവർത്തകർ തന്റെ വാഹനം തകർത്ത സംഭവത്തിലും വീടിന് നേരെ നടന്ന അക്രമത്തിലും പൊലീസിൽ കേസ് നൽകിയിരുന്നു. ഈ വൈരാഗ്യമാണ് കൊലപാതകത്തിനു പിന്നിൽ.

പലപ്പോഴും ആർഎസ്എസ് പ്രവർത്തകർ തങ്ങളെ ഭീഷണിപ്പെടുത്തിയിരുന്നു. മൂത്തമകൻ അനന്തു ഡിവൈഎഫ്ഐ പ്രവർത്തകനാണ്. അഭിമന്യു സ്കൂളിൽ എസ്എഫ്ഐയുടെ സജീവ പ്രവർത്തകനുമാണ്. അമ്പിളികുമാര്‍ പറഞ്ഞു.

16-Apr-2021