എൻഎസ്എസ് പറയുന്ന എല്ലാ കാര്യത്തിനും മറുപടി പറയേണ്ട ആവശ്യമില്ല: എ. വിജയരാഘവൻ
അഡ്മിൻ
എൻഎസ്എസ് പറയുന്ന എല്ലാ കാര്യത്തിനും മറുപടി പറയേണ്ട ആവശ്യമില്ലന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ . തന്നെക്കുറിച്ച് പറയാൻ എൻഎസ്എസിന് അവകാശമുണ്ട്. എൻഎസ്എസ് സംബന്ധിച്ച് സിപിഎം നിലപാടാണ് ദേശാഭിമാനി ലേഖനത്തിൽ വ്യക്തമാക്കിയത്. നിയമസഭയിൽ ഇടതുമുന്നണി മികച്ച വിജയം നേടുമെന്നും എ. വിജയരാഘവൻ പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരെ നിരന്തരം വിമർശനം ഉന്നയിക്കുന്ന കേന്ദ്രസഹമന്ത്രി വി മുരളീധരനെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കടുത്ത ഭാഷയിൽ വിമർശിച്ചു. കാനം രാജേന്ദ്രന്റെ അധ്യക്ഷതയിലാണ് ഇടതുമുന്നണി യോഗം ചേർന്നത്. രാജ്യസഭാ തെരഞ്ഞെടുപ്പും, നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള രാഷ്ട്രീയ അവസ്ഥയും ചർച്ചയായി. മുഖ്യമന്ത്രി കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചെന്നത് ആക്ഷേപം മാത്രമാണ്. കേന്ദ്ര മന്ത്രി ആക്ഷേപം ഉന്നയിച്ച് കൊണ്ടെയിരിക്കുന്നു. ആക്ഷേപം ഉന്നയിക്കൽ മന്ത്രിയായി അദ്ദേഹം മാറി.
നിയമസഭയിൽ ഇടതുമുന്നണിക്ക് മികച്ച വിജയം നേടാനാവുമെന്നാണ് മുന്നണി യോഗം വിലയിരുത്തിയത്. ഘടകകക്ഷികൾ ഐക്യത്തോടെ അഭിമുഖീകരിച്ചു. കേരളത്തിലെ ഇടതുമുന്നണി സർക്കാർ നടത്തിയ മികച്ച ഭരണത്തിന് വലിയ ജനകീയ അംഗീകാരം ലഭിക്കുമെന്നാണ് വിലയിരുത്തൽ. എൽ.ഡി.എഫിന്റെ പ്രവർത്തനങ്ങളോട് നിഷേധാത്മക സമീപനം നടത്തിയ യു.ഡി.എഫ് വലിയ തോതിൽ മുഖ്യമന്ത്രിയെ അധിക്ഷേപിക്കുകയും ചെയ്തു.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ജനകീയമാക്കാൻ വലിയ തോതിൽ ഇടപെടണമെന്ന് യോഗം തീരുമാനിച്ചു. കേരളത്തിൽ 45 വയസിന് മുകളിലുള്ളവർക്ക് വാക്സീൻ നൽകാൻ ഒരു കോടി ചുരുങ്ങിയത് ലഭിക്കണം. വാക്സീൻ കൂടുതൽ അനുവദിക്കുന്നതിന് കേന്ദ്രസർക്കാർ തയ്യാറാകണം. ഇടതുമുന്നണിയും കൂടുതൽ വാക്സീൻ അനുവദിക്കണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.