പാർട്ടിയിൽ പുനസംഘടന വേണമെന്ന കെ. സുധാകരന്റെയും കെ. മുരളീധരന്റെയും പ്രസ്താവനകൾക്കെതിരെ കെ.സി. വേണുഗോപാൽ. അനവസരത്തിലുള്ള പ്രസ്താവനകളാണിതെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി പറഞ്ഞു. തെരഞ്ഞെടുപ്പിന് ശേഷം ഉന്നയിക്കേണ്ട വിഷയങ്ങളാണിതെന്നും വേണുഗോപാൽ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ പാർട്ടിയിൽ സംഘടനാതെരഞ്ഞെടുപ്പ് വേണമെന്ന കെ.സുധാകരന്റെ ആവശ്യത്തെ കെ. മുരളീധരൻ കൂടി പിന്തുണച്ച് രംഗത്ത് വന്നിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് പ്രക്രീയ പൂർത്തിയാക്കുന്നതിന് മുൻപ് ഇത്തരം ചർച്ചകൾ തുടങ്ങിയിൽ അതൃപ്തി പരസ്യമാക്കുകയാണ് സംഘടനാചുമതലയുള്ള എ.ഐ.സി.സി ജനറൽസെക്രട്ടറി.
സംഘടനാ തെരഞ്ഞെടുപ്പിലൂടെ സംസ്ഥാന അധ്യക്ഷനെ തെരഞ്ഞെടുക്കണമെന്നതുൾപ്പടെ അഭിപ്രായം നേതാക്കൾ ഉന്നയിച്ചതോടെയാണ് വേണുഗോപാലിന്റെ പ്രതിരോധം.തെരഞ്ഞെടുപ്പിന് ശേഷം സംഘടനാ വിഷയങ്ങൾ ഉൾപ്പടെ ചർച്ച ചെയ്യാനിരിക്കെ ഇപ്പോഴത്തെ പരസ്യവിഴുപ്പലക്കലുകൾ ഗുണം ചെയ്യില്ലെന്നാണ് ഹൈക്കമാൻഡ് വിലയിരുത്തൽ. സംഘടനാ തെരഞ്ഞെടുപ്പ് സംസ്ഥാനത്ത് നടത്തണമെന്ന കെ സുധാകരന്റെ ആവശ്യം നേരത്തെ മുല്ലപ്പള്ളിയും തള്ളിയിരുന്നു. വോട്ടെണ്ണലിന് മുൻപ് പുനസംഘടന ചർച്ചയാക്കാനുള്ള നേതാക്കളുടെ നീക്കമാണ് വേണുഗോപാൽ തടയിടുന്നത്.