അവശ്യസാധനങ്ങളുടെ വിതരണം ഇനി ഒരു കുടക്കീഴിൽ

കൊവിഡ് കാലത്ത് പലവ്യഞ്ജനങ്ങളും പച്ചക്കറിയും മീനും ഇറച്ചിയുമെല്ലാം വീട്ടിലെത്തിക്കാൻ സർക്കാർ നേതൃത്വത്തിൽ ഏകീകൃത വെബ് പോർട്ടൽ ഒരുങ്ങുന്നു. അവശ്യസാധനങ്ങളുടെ വിതരണം ഒരു കുടക്കീഴിലാക്കാനുള്ള ചുമതല സപ്ലൈകോയ്ക്കാണ്.

സപ്ലൈകോ ഉൽപ്പന്നങ്ങൾക്കു പുറമെ ഹോർട്ടികോർപ് മുഖേന പച്ചക്കറിയും മത്സ്യഫെഡ് മുഖേന മത്സ്യവും കെപ്‌കോ മുഖേന കോഴിയിറച്ചിയും ഓൺലൈനായി ഇനി വീട്ടിൽ എത്തിക്കും. സപ്ലൈകോ, ഹോർട്ടികോർപ്, മത്സ്യഫെഡ്, കെപ്‌കോ തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളെ ഏകോപിപ്പിച്ച് നി ത്യോപയോഗ സാധനങ്ങൾ വീടുകളിൽ എത്തിക്കാൻ ഓൺലൈൻ സംവിധാനം ഒരുക്കണമെന്ന് ചീഫ് സൈക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന കൊവിഡ് കോർ ഗ്രൂപ്പ് യോഗം നിർദേശിച്ചിരുന്നു.

തുടർന്ന് ഈ സ്ഥാപനങ്ങളുടെ എംഡിമാരുടെ യോഗം കഴിഞ്ഞ ദിവസം ചേർന്നു. സപ്ലൈകോയ്ക്ക് നിലവിലുള്ള ഓൺലൈൻ ഡെലിവറി പരിഷ്‌കരിച്ചാണ് ഏകീകൃത പോർട്ടൽ സജ്ജമാക്കുന്നത്. തിരുവനന്തപുരത്ത് ഒരാഴ്ചയ്ക്കകം ഓൺലൈൻ ഡെലിവറി ആരംഭിക്കുമെന്ന് സപ്ലൈകോ സിഎംഡി അലി അസ്ഗർ പാഷ പറഞ്ഞു. ഇത് വിജയകരമായാൽ ഉടനെ മറ്റ് ജില്ലകളിലും ഡെലിവറി സൗകര്യമൊരുക്കും.

17-Apr-2021