കേരളത്തിൽ വാക്‌സിൻ ക്ഷാമം

കേരളത്തിലെ കോവിഡ് കേസുകളുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ. കേരളത്തിലെ വർധനവിന്റെ കാര്യം കേന്ദ്രസർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും ടെസ്റ്റുകളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ടെന്നും കെ.കെ ശൈലജ പറഞ്ഞു.

രോഗവ്യാപനം നിയന്ത്രിക്കാൻ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി എന്നും മന്ത്രി പറഞ്ഞു. ഇനിയും കൂടുതൽ കോവിഡ് വാക്സീൻ സംസ്ഥാനത്തിന് ആവശ്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. വാക്‌സിനേഷൻ വർധിപ്പിക്കണം. കേന്ദ്രസർക്കാരിൽ നിന്ന് ഇതുവരെ ലഭിച്ച 6084360 ഡോസ് വാക്‌സിനിൽ നിന്നും 5675138 വാക്‌സിൻ വിതരണം ചെയ്തു. വാക്‌സിൻ വിതരണത്തിൽ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് നല്ല പ്രകടനം നടത്തിയത് കേരളമാണ്. സീറോ വേസ്റ്റേജാണ്. ആരോഗ്യസെക്രട്ടറി കേരളത്തെ അഭിനന്ദിച്ചിരുന്നു.

ഇനി സംസ്ഥാനത്തിന്റെ പക്കൽ 580880 വാക്സീനാണ് ഉള്ളത്. കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രിയെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. 50 ലക്ഷം വാക്‌സിൻ വേണം. സംസ്ഥാനത്തെ 45 വയസിന് മുകളിലുള്ള എല്ലാവർക്കും വാക്സീൻ നൽകണമെങ്കിൽ ഇത് ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.

കൊവിഷീൽഡ്, കൊവാക്സിൻ എന്നിവ കൃത്യമായി തരണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. കേരളത്തിൽ ഇപ്പോൾ ഓക്സിജൻ കുറവില്ലെന്നും വലിയ തോതിൽ കേസ് വർധിച്ചാൽ ഓക്സിജൻ വേണ്ടിവരുമെന്നും വ്യക്തമാക്കി. മരുന്ന് ക്ഷാമം ഇല്ലാതിരിക്കാൻ കേന്ദ്രസർക്കാർ ശ്രദ്ധിക്കണമെന്നും കെ.കെ ശൈലജ പറഞ്ഞു.

17-Apr-2021