തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്നാവര്‍ത്തിച്ച്‌ ജി. സുധാകരന്‍

മുന്‍ പഴ്സണല്‍ സ്റ്റാഫം​ഗത്തിന്റെ ഭാര്യയുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്നാവര്‍ത്തിച്ച്‌ മന്ത്രി ജി. സുധാകരന്‍. അവര്‍ പൊലീസില്‍ പരാതി നല്‍കിയതിനു പിന്നില്‍ മറ്റ് ലക്ഷ്യങ്ങളാണുള്ളത്. രാഷ്ട്രീയ ക്രിമിനലുകള്‍ ആലപ്പുഴയില്‍ പിടിമുറുക്കാന്‍ ശ്രമിക്കുന്നുവെന്നും സുധാകരന്‍ പറഞ്ഞു.

പരാതി ഉന്നയിച്ച പേഴ്‌സണല്‍ സ്റ്റാഫിന്റെ ഭാര്യയെ തനിക്ക് അറിയില്ല. സ്റ്റാഫ് അം​ഗം ജോലിക്ക് കൃത്യമായി ഹാജരായിരുന്നില്ല. തനിക്കെതിരെ അവരെ ഉപയോഗിച്ചു എന്നാണ് താന്‍ പറഞ്ഞത്. താന്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയിട്ടില്ല. ആരെയും മോശമായി പറഞ്ഞിട്ടില്ല.തനിക്കെതിരെ ഉള്ള പരാതിക്ക് പിന്നില്‍ ഒരു സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. സംശുദ്ധ രാഷ്ട്രീയത്തെ തകര്‍ക്കാനുള്ള ശ്രമമാണ് തനിക്കെതിരെ ഉള്ള നീക്കത്തിന് പിന്നില്‍.

കുടുംബത്തെ വരെ ആക്ഷേപിക്കാന്‍ ശ്രമം നടന്നു. പഴ്സണല്‍ സ്റ്റാഫിനെതിരെ നടപടിയെടുക്കാന്‍ താന്‍ ആവശ്യപ്പെട്ടിട്ടില്ല. ഭാര്യക്കോ മകനോ വേണ്ടി എവിടെയും ഇടപെട്ടിട്ടില്ല എന്നും സുധാകരന്‍ പറഞ്ഞു.മന്ത്രി ജി. സുധാകരന് എതിരെ മുന്‍ പഴ്സണല്‍ സ്റ്റാഫംഗത്തിന്റെ ഭാര്യ നല്‍കിയ പരാതി പിന്‍വലിച്ചെന്ന് പൊലീസ് പറഞ്ഞിരുന്നു. പരാതിയില്‍ ഉറച്ച്‌ നില്‍ക്കുന്നില്ലന്ന് പൊലീസിനെ വിളിച്ച്‌ അറിയിക്കുകയായിരുന്നു എന്നും പൊലീസ് പറഞ്ഞു.എന്നാല്‍, പരാതി പിന്‍വലിക്കില്ലെന്ന് പരാതിക്കാരി പറഞ്ഞു.

17-Apr-2021