സംസ്ഥാനത്ത് കോവിഡ് നിയന്ത്രണത്തിന്‍റെ ഭാഗമായി നടത്തിയ കൂട്ട പരിശോധന വന്‍ വിജയം. രണ്ട് ദിവസം കൊണ്ട് 3,00,971 പേരെ പരിശോധിച്ചു. കൂടുതല്‍ സാമ്പിളുകളുടെപരിശോധന ഫലം ലഭിക്കുന്നതോടെ കോവിഡ് രോഗികളുടെ എണ്ണം ഉയരാനാണ് സാധ്യത. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് 13,835 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
കോവിഡ് വ്യാപന സാധ്യത കൂടുതലുള്ള മേഖലകളില്‍ ജീവിക്കുന്നവര്‍, കൂടുതല്‍ ആളുകളുമായി സമ്പര്‍ക്കത്തിലേര്‍പ്പെടാന്‍ സാധ്യതയുള്ള ജോലികള്‍ ചെയ്യുന്നവര്‍ എന്നിവരെയാണ് കൂട്ട പരിശോധനയില്‍ ഉള്‍പ്പെടുത്തിയത്. രണ്ട് ദിവസങ്ങളിലായി രണ്ടരലക്ഷം പേരെ പരിശോധിക്കാനായിരുന്നു ലക്ഷ്യം. എന്നാല്‍ ജനങ്ങള്‍ അനുകൂലമായി പ്രതികരിച്ചതോടെ പരിശോധിച്ചിരവരുടെ എണ്ണം 3,00,971 ആയി.
എല്ലാ ജില്ലകളിലും കൂടുതല്‍ പരിശോധന നടന്നു. കോഴിക്കോട് ജില്ലയിലാണ് കൂടുതൽ പേരെ പരിശോധിച്ചത്. 39,565 പേരെ. എറണാകുളത്ത് 36,671 ഉം തിരുവനന്തപുരം 29,008 പേരെയും പരിശോധിച്ചു. ആദ്യ ദിവസം ശേഖരിച്ച 1,35,159 സാമ്പിളിൽ 81,211 സാമ്പിളിന്റെ പരിശോധന ഫലം മാത്രമാണ് പുറത്തുവന്നത്.