മല്ലിയോട്ട് പാലോട്ട് കാവിലെ വിവാദ ബോർഡ്; പ്രതികരണവുമായി പി. ജയരാജൻ
അഡ്മിൻ
കണ്ണൂർ ജില്ലയിലെ കുഞ്ഞിമംഗലം മല്ലിയോട്ട് പാലോട്ട് കാവിൽ വിവാദ ബോർഡ് മനസാ സന്തോഷിക്കുന്നവർ ആർ.എസ്.എസും മുസ്ലിം സമുദായത്തിലെ തീവ്ര സലഫികളുമെന്ന് സി.പി.ഐ.എം നേതാവ് പി. ജയരാജൻ. കാരണം, മനുഷ്യരെ വ്യത്യസ്ത അറകളിലാക്കി മാറ്റുന്നതിലാണ് അവർക്ക് താല്പര്യമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
അവിടെയുള്ള കമ്മറ്റിയിൽ എല്ലാ രാഷ്ട്രീയക്കാരും ഉണ്ടെന്നിരിക്കെ സി.പി.ഐ.എം നിയന്ത്രണത്തിലുള്ള കാവ് എന്ന് പ്രചരിപ്പിക്കുന്നതിന്റെ രാഷ്ട്രീയ ദുഷ്ടലാക്ക് എല്ലാവർക്കും മനസിലാകുമെന്നും പി. ജയരാജൻ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റ് പൂർണ്ണരൂപം വായിക്കാം:
കുഞ്ഞിമംഗലം മല്ലിയോട്ട് പാലോട്ട് കാവിലെ വിഷുവിളക്കിനോടനുബന്ധിച്ച് സ്ഥാപിച്ച ബോർഡ് സംബന്ധിച്ച് വിവാദമുണ്ടായിരിക്കുകയാണല്ലോ. അവിടെ പ്രവർത്തിക്കുന്ന കമ്മറ്റിയിൽ നാനാ രാഷ്ട്രീയ അഭിപ്രായക്കാരുണ്ട്. എന്നാലും സിപിഐ(എം) നിയന്ത്രണത്തിലുള്ള കാവ് കമ്മറ്റി എന്ന് പറയുന്നതിന്റെ പിന്നിലുള്ള രാഷ്ട്രീയ ദുഷ്ടലാക്ക് എല്ലാവര്ക്കും മനസിലാകും.
മഹാഭൂരിപക്ഷം ക്ഷേത്രങ്ങളിലും കാവുകളിലും എല്ലാ മതത്തിലും സമുദായത്തിൽ പെട്ടവരും ഉത്സവങ്ങളിൽ പങ്കെടുക്കാറുണ്ട്.ഉറൂസുകളിലും നേർച്ചകളിലും ഇത് തന്നെ അനുഭവം. ശ്രീനാരായണ ഗുരു ശിലയിട്ട തലശേരി ജഗന്നാഥ ക്ഷേത്രത്തിൽ ഉത്സവ സമയങ്ങളിൽ “അഹിന്ദുക്കൾക്ക് പ്രവേശനമില്ല” എന്ന ബോർഡുണ്ടായിരുന്നു.അത് നീക്കം ചെയ്യാൻ വേണ്ടി സ്വാമി ആനന്ദ തീർത്ഥ സത്യാഗ്രഹമിരുന്നത് ചരിത്രം.ക്ഷേത്ര കമ്മറ്റി അദ്ദേഹം ഉൾപ്പടെയുള്ള ശ്രീനാരായണീയരുടെ ആവശ്യം ശ്രദ്ധയോടെ കേട്ടു.അതനുസരിച്ച് പ്രവർത്തിച്ചു.ഇപ്പോൾ അവിടെ ആ ബോർഡ് നിലവിലില്ല.
”മുസ്ലിങ്ങൾക്ക് പ്രവേശനമില്ല” എന്ന ബോർഡ് വെച്ചതിൽ മനസാ സന്തോഷിക്കുന്നവർ ആർ എസ് എസുകാരും മുസ്ലിം സമുദായത്തിലെ തീവ്ര സലഫികളും മറ്റുമാണ്.കാരണം മനുഷ്യരെ വ്യത്യസ്ത അറകളിലാക്കി മാറ്റുന്നതിലാണ് അവർക്ക് താല്പര്യം. സൗഹാർദ്ദപരമായ തീരുമാനം കൈക്കൊള്ളുമെന്ന് ഇപ്പോൾ ക്ഷേത്ര കമ്മറ്റി പ്രസ്താവിച്ചിരിക്കുകയാണ്. ആ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു.