കെ .എം ഷാജിയുടെ വീടുകൾ അളക്കാൻ പൊതുമരാമത്തിന്വിജിലന്‍സ് നോട്ടീസ്
അഡ്മിൻ
അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ആരോപണ വിധേയനായ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ. എം ഷാജി എം. എൽ. എയുടെ വീടുകൾ അളന്നുതിട്ടപ്പെടുത്താൻ പൊതുമരാമത്ത് വകുപ്പി(പി. ഡബ്ല്യു. ഡി)ന് വിജിലൻസ് നോട്ടീസ് നൽകി. കോഴിക്കോട് മാലൂർകുന്നിലെയും കണ്ണൂർ ചാലാട്ടെയും വീടുകളാണ് അളക്കുക.
ഒരാഴ്ചക്കുള്ളിൽ വീടുകൾ അളക്കാൻ പി. ഡബ്ല്യു. ഡി എൻജിനീയർമാർക്കാണ് വിജിലൻസ് നോട്ടീസ് നൽകിയത്. നേരത്തേ, കോഴിക്കോട് കോർപറേഷൻ ഷാജിയുടെ മാലൂർകുന്നിലെ വീട് അളക്കുകയും അനധികൃതമായി നിർമിച്ച ഭാഗം പൊളിച്ചുകളയണമെന്ന് നിർദേശിക്കുകയും ചെയ്തിരുന്നു.
കെ. എം ഷാജിയുടെ ഭാര്യയെ അടുത്തയാഴ്ചയോടെ വിജിലൻസ് ചോദ്യം ചെയ്യും. ഇതോടൊപ്പം ഷാജിയെയും വീണ്ടും ചോദ്യം ചെയ്യും. ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂരിലെയും വീടുകൾ റെയ്ഡ് ചെയ്ത് 77 രേഖകളും 48 ലക്ഷത്തോളം രൂപയും അടുത്തദിവസം വിജിലന്‌സ് സംഘം പിടികൂടിയിരുന്നു. വരുമാനത്തിന്റെ ഉറവിടം വ്യക്തമാക്കാൻ ഷാജിക്കായില്ല. കൂടുതൽ രേഖകൾ ഹാജരാക്കാൻ ഒരാഴ്ച സമയം കോടതി അനുവദിച്ചിരുന്നു. ഇതിന്റെ കാലാവധി രണ്ടുദിവസത്തിനകം തീരും. ഇതിനുശേഷമാകും ചോദ്യം ചെയ്യലിന്റെ തീയതി തീരുമാനിക്കുക.