കോവിഡ് ; സന്നദ്ധ പ്രവര്‍ത്തനത്തിനായി തൊഴിലാളികള്‍ മുന്നോട്ടുവരണമന്ന് സി.ഐ.ടി.യു

കോവിഡ് രണ്ടാം തരംഗം രാജ്യത്ത് ശക്തിയാര്‍ജിക്കുന്ന പശ്ചാത്തലത്തില്‍ സാമ്പത്തികമായും മറ്റും വെല്ലുവിളി നേരിടുന്ന സാധാരണക്കാരെ സഹായിക്കാന്‍ തൊഴിലാളികളും ട്രേഡ് യൂണിയനുകളും മുന്നിട്ടിറങ്ങണമെന്ന് ഇടത് തൊഴിലാളി സംഘടനയായ സി.ഐ.ടി.യു. ജനറല്‍ സെക്രട്ടറി എളമരം കരീം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഈ അഭ്യര്‍ഥനയുള്ളത്.

രോഗബാധിതരെ ആശുപത്രികളില്‍ എത്തിക്കുന്നതിനും, പരിചരിക്കുന്നതിനും, സന്നദ്ധ പ്രവര്‍ത്തനം നടത്താന്‍ തൊഴിലാളികള്‍ മുന്നോട്ടുവരണമന്ന് സി.ഐ.ടി.യു ആവശ്യപ്പെട്ടു.

പ്രസ്താവന ഇങ്ങനെ:

കോവിഡ് പ്രതിരോധത്തില്‍ ഏര്‍പ്പെടുക സി.ഐ.ടി.യു
കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ വലിയ ഭീഷണിയെയാണ് നേരിടുന്നത്. തൊഴിലും വരുമാനവും നഷ്ടപ്പെടുന്ന ഒരു വിഭാഗം ജനങ്ങള്‍ വലിയ പ്രതിസന്ധിയിലാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണ്. ഈ സാഹചര്യത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഏര്‍പ്പെടാന്‍ സംസ്ഥാനത്തെ തൊഴിലാളികളോടും തൊഴിലാളി സംഘടനകളോടും സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യര്‍ത്ഥിക്കുന്നു.

കോവിഡ് വ്യാപനം തടയാന്‍ സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടണം. തൊഴില്‍ കേന്ദ്രങ്ങളില്‍ കോവിഡ് വ്യാപനം ഉണ്ടാവാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. കോവിഡ് ബാധിച്ച് തൊഴില്‍ ചെയ്യാന്‍ കഴിയാതെ വരുന്ന പാവപ്പെട്ട തൊഴിലാളികളെയും, മറ്റു അവശ ജനങ്ങളെയും സഹായിക്കാന്‍ ട്രേഡ് യൂണിയനുകള്‍ മുന്‍കൈ എടുക്കണം.

രോഗബാധിതരെ ആശുപത്രികളില്‍ എത്തിക്കുന്നതിനും, പരിചരിക്കുന്നതിനും, സന്നദ്ധ പ്രവര്‍ത്തനം നടത്താന്‍ തൊഴിലാളികള്‍ മുന്നോട്ടുവരണം. യുദ്ധകാലടിസ്ഥാനത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാന്‍ എല്ലാ ട്രേഡ് യൂണിയനുകളോടും, തൊഴിലാളികളോടും അഭ്യര്‍ത്ഥിക്കുന്നു.

20-Apr-2021