പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് ആഗോള മാധ്യമ സൂചിക
അഡ്മിൻ
ഇന്ത്യയില്‍ മാധ്യമപ്രവര്‍ത്തനത്തിന് ചരിത്രത്തിലെ ഏറ്റവുംമോശമായ സാഹചര്യമാണെന്ന് വിലയിരുത്തി ആഗോള മാധ്യമ സ്വാതന്ത്ര്യ നിരീക്ഷണ സംഘടന ആര്‍എസ്എഫ് . പാരീസ് ആസ്ഥാനമായ ആര്‍എസ്എഫ് ലോകത്തിലെ 180 രാജ്യങ്ങളെ മാധ്യമ സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനത്തില്‍ പട്ടികപ്പെടുത്തിയതില്‍ ഇന്ത്യ, 142-ാം സ്ഥാനത്ത് എത്തി. ഇന്ത്യയുടെ അയല്‍ രാജ്യങ്ങളായ പാകിസ്ഥാനും ചൈനയും യഥാക്രമം 145, 177 സ്ഥാനങ്ങളിലാണ്.
ഇന്ത്യയിലെ മാധ്യമങ്ങള്‍ക്കുമേല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിടിമുറുകുകയാണെന്നാണ് ഇന്ത്യയെക്കുറിച്ചുള്ള ആര്‍എസ്എഫ് 2021ലെ ലോക മാധ്യമ സ്വാതന്ത്ര്യ സൂചിക പരാമര്‍ശം. ജോലി നിര്‍വഹിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഏറ്റവും ബുദ്ധിമുട്ടുള്ള രാഷ്ട്രങ്ങളിലൊന്നാണ് ഇന്ത്യ. 2019ലെ പൊതുതെരഞ്ഞെടുപ്പിന് ശേഷം നരേന്ദ്ര മോദിയെ പിന്തുണയ്ക്കുന്ന തീവ്ര വലതുപക്ഷ ഹിന്ദു ആശയസംഹിതകള്‍ക്ക് വഴങ്ങാന്‍ മാധ്യമങ്ങള്‍ സമ്മര്‍ദ്ദത്തിലാണ് - ആര്‍എസ്എഫ് റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.
2020ലെ സൂചികയിലും ഇന്ത്യ 142-ാം സ്ഥാനത്തായിരുന്നു. ഇത്തവണ ഇന്ത്യയുടെ മൊത്തം പോയിന്റ് കുറഞ്ഞിട്ടുണ്ട്. 2013 മുതലുള്ള കണക്ക് അനുസരിച്ച് സൂചികയില്‍ ഏറ്റവും താഴ്ന്ന നിലയിലാണ് ഇന്ത്യ. പട്ടികയിലുള്ള ഏതാണ്ട് 73% രാജ്യങ്ങളിലും ഭാഗീകമായോ പൂര്‍ണമായോ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം തടയപ്പെടുകയാണ് - ആര്‍എസ്എഫ് പ്രസ്താവനയില്‍ അറിയിച്ചു.
യൂറോപ്യന്‍ രാജ്യമായ നോര്‍വെയാണ് പട്ടികയില്‍ ഒന്നാമത്. തുടര്‍ച്ചയായ അഞ്ച് വര്‍ഷമായി നോര്‍വെ ഒന്നാമതുണ്ട്. ഫിന്‍ലന്‍ഡ്, സ്വീഡന്, ഡെന്മാര്ക്ക്, കോസ്റ്റാറിക്ക എന്നിവരാണ് ആദ്യ അഞ്ച് സ്ഥാനങ്ങളില്‍. ആഫ്രിക്കന്‍ രാഷ്ട്രമായ എറിത്രിയയാണ് ഏറ്റവും അവസാനം. ജിബൂട്ടി, ചൈന, തുര്‍ക്ക് മെനിസ്ഥാന്‍, ഉത്തര കൊറിയ എന്നിവയാണ് 175 മുതല്‍ 179വരെ സ്ഥാനങ്ങളില്‍.