വാക്സിന്‍ തരാനുള്ള ബാധ്യത കേന്ദ്രസർക്കാരിനുണ്ട്: മുഖ്യമന്ത്രി

കൊവിഡ് വാക്സിനുമായി ബന്ധപ്പെട്ടഷയത്തിൽ കേന്ദ്രമന്ത്രി വി മുരളീധരന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രസര്‍ക്കാരിന്റെ അപ്പോസ്തലന്മാരെന്ന് പറഞ്ഞ് ചിലർ വിചിത്ര വാദം ഉന്നയിക്കുന്നത് യോജിപ്പിന്റെ അന്തരീക്ഷം ഇല്ലാതാക്കുമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

കേന്ദ്രമന്ത്രി വി മുരളീധരന് മറുപടി നൽകിയാൽ നിലവിൽ ഉണ്ടാകേണ്ട അന്തരീക്ഷം ഉണ്ടാകില്ല. കേന്ദ്ര സർക്കാർ വഹിക്കേണ്ട ബാധ്യത കേന്ദ്രം വഹിക്കണമെന്ന് സംസ്ഥാനം പറയുന്നതിൽ തെറ്റില്ല. സംസ്ഥാനത്തിന്റെ ബാധ്യത സംസ്ഥാനം വഹിക്കും. അൽപ്പം ഉത്തരവാദിത്ത ബോധത്തോടെ കാര്യങ്ങൾ കാണണം. വാക്സീൻ ആവശ്യമെങ്കിൽ എന്ത് ചെയ്യുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു.

കേരളത്തിന്റെ യഥാർത്ഥ പ്രശ്നം കേന്ദ്രസർക്കാരിനെ അറിയിക്കേണ്ടതുണ്ട്. വാക്സീൻ തരാനുള്ള ബാധ്യത കേന്ദ്രസർക്കാരിനുണ്ട്. സംസ്ഥാനത്തിന്റെ പെടലിക്ക് കൂടുതൽ ഭാരം അടിച്ചേൽപ്പിക്കരുത്. സംസ്ഥാന സർക്കാർ ചെയ്യേണ്ട കാര്യങ്ങൾ സംസ്ഥാന സർക്കാർ ചെയ്യും. ഇവിടെ വാക്സീൻ സൗജന്യമായിരിക്കും. അക്കാര്യം നേരത്തെ പ്രഖ്യാപിച്ചതാണ്. ഇടയ്ക്കിടയ്ക്ക് മാറ്റിപ്പറയുന്ന സ്വഭാവം ഞങ്ങൾക്കില്ല എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

21-Apr-2021