തുടര്‍ ഭരണം; എല്‍.ഡി.എഫ് വീണ്ടും അധികാരത്തിലെത്തുമെന്ന് സി.പി.ഐ വിലയിരുത്തല്‍

കേരളത്തില്‍ 80 ലധികം സീറ്റുകൾ നേടി ഇടതുമുന്നണി അധികാരത്തിലെത്തുമെന്ന് സി.പി.ഐ വിലയിരുത്തൽ. സി.പി.ഐ മത്സരിച്ചതിൽ 17 സീറ്റുകൾ ഉറപ്പാണെന്നും സംസ്ഥാന എക്‌സിക്യൂട്ടിവ് വിലയിരുത്തി. തൃശൂർ ഉൾപ്പെടെ ചില സിറ്റിംഗ് സീറ്റുകളിൽ കടുത്ത മത്സരം നടക്കുമെന്നും തരൂരങ്ങാടിയിൽ അട്ടിമറി സാധ്യതയെന്നും വിലയിരുത്തൽ.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 27 സീറ്റുകളിൽ സി.പി.ഐ മത്സരിച്ചപ്പോൾ 19 സീറ്റുകൾ നേടിയിരുന്നു. ഇത്തവണ 25 സീറ്റുകളിൽ മത്സരിക്കുമ്പോൾ 17 സീറ്റുകൾ നേടുമെന്നാണ് സി.പി.ഐ നേതൃത്വം വിലയിരുത്തുന്നത്. നെടുമങ്ങാട്, കരുനാഗപ്പള്ളി, തൃശൂരുമെല്ലാം വലിയ മത്സരമാണ് നടന്നത്.

തൃശൂർ സീറ്റിൽ സി.പി.ഐ വലിയ പ്രതീക്ഷ വെച്ചുപുലർത്തുന്നില്ല. നെടുമങ്ങാട് ചെറിയ വോട്ടുകൾക്കെങ്കിലും വിജയിക്കുമെന്നാണ് സി.പി.ഐ വിലയിരുത്തൽ. ചാത്തന്നൂരിൽ ബിജെപി വലിയ വെല്ലുവിളി ഉയർത്തിയിട്ടുണ്ടെങ്കിലും അയ്യായിരത്തിലധികം വോട്ടുകൾ നേടി വിജയിക്കുമെന്നാണ് പ്രതീക്ഷ.

22-Apr-2021