സംസ്ഥാനത്തെ കോവിഡ് കേസുകള്‍ അമ്പതിനായിരം വരെ വര്‍ദ്ധിച്ചേക്കാം: മന്ത്രി കെ.കെ ശൈലജ

കോവിഡ്-19 കേസുകള്‍ കേരളത്തിൽ അമ്പതിനായിരം വരെ വര്‍ദ്ധിച്ചേക്കാമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. രണ്ടാഴ്ചക്കുള്ളില്‍ രോഗനിരക്ക് കുറയ്ക്കാമെന്നാണ് പ്രതീക്ഷയെന്നും പരിശോധന ഊര്‍ജ്ജിതമാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കോവിഡ്-19 കൂട്ട പരിശോധന അശാസ്ത്രീയമാണെന്ന സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ വിമര്‍ശനത്തിനും ആരോ​ഗ്യമന്ത്രി മറുപടി പറഞ്ഞു. കൂട്ടപരിശോധന എല്ലാ ദിവസവും ഇല്ല. വിദഗ്ധരുടെയും ജനങ്ങളുടെയും അഭിപ്രായം മാനിച്ചാണ് കൂട്ട പരിശോധന നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.കേന്ദ്രത്തിനെതിരെയും മന്ത്രി വിമര്‍ശനം ഉന്നയിച്ചു. ചോദിക്കുന്ന ഡോസ് കൃത്യമായി തന്നാലേ വാക്‌സിനേഷന്‍ നടക്കൂ.കേന്ദ്രമാണ് വാക്‌സിന്റെ ലഭ്യത ഉറപ്പു വരുത്തേണ്ടത്.

സ്വകാര്യമേഖലയില്‍ വില ഉയരാതിരിക്കാനുള്ള ശ്രമവും കേന്ദ്രം നടത്തേണ്ടതുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
'ഇന്ന് കേരളത്തിലെ ടെസ്റ്റ് ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതലാണ്. ടെസ്റ്റ് പെര്‍ മില്യണില്‍ കേരളം മൂന്നര ലക്ഷത്തില്‍ എത്തി നില്‍ക്കുന്നു. ഇന്ത്യയില്‍ ശരാശരി ഒന്നേമുക്കാല്‍ ലക്ഷമാണ്. പരിശോധന വര്‍ദ്ധിപ്പിക്കാനാണ് എല്ലാവരും നിര്‍ദേശിച്ചിട്ടുള്ളത്. ഇത്രയധികം സാമ്പിളുകള്‍ എടുത്ത് പരിശോധിക്കുന്നതില്‍ പ്രയാസങ്ങളുണ്ട്.ചിലപ്പോള്‍ ഫലം രണ്ടു ദിവസം വൈകിയേക്കാം.

കഴിഞ്ഞ ദിവസം കൂടുതല്‍ സാമ്പിളുകള്‍ എടുത്തപ്പോഴാണ് കേസുകളുടെ എണ്ണം കൂടിയത്. എന്നാല്‍ അപ്പോഴും പോസിറ്റിവിറ്റി നിരക്ക് 20-22 ശതമാനമാണ്. ചിലയിടത്ത് നാല്‍പ്പത് ശതമാനത്തിന് മുകളിലാണ്. അവിടേക്ക് പോകാതെ പിടിച്ചു നിര്‍ത്താന്‍ ആകണം മന്ത്രി പറഞ്ഞു.

22-Apr-2021