വാക്സിന്‍ കേന്ദ്രത്തില്‍ നിന്ന് കിട്ടാന്‍ മാത്രം കാത്തുനില്‍ക്കില്ല: മുഖ്യമന്ത്രി

കേന്ദ്രം നല്‍കാന്‍ കാത്തുനില്‍ക്കാതെ വാക്സീന്‍ വാങ്ങാനുള്ള നടപടി സംസ്ഥാനം ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജ​യന്‍. കൂടുതൽ വാക്സീൻ അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷെ വാക്സീൻ കേന്ദ്രത്തില്‍ നിന്ന് കിട്ടാന്‍ മാത്രം കാത്തുനില്‍ക്കില്ലെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

നിലവില്‍ വാക്സിന്‍ കമ്പനികളുമായി ചീഫ് സെക്രട്ടറി, ധനകാര്യ സെക്രട്ടറി, ആരോ​ഗ്യസെക്രട്ടറി എന്നിവർ ചേർന്ന് നടത്തുന്ന ചർച്ചയ്ക്ക് ശേഷം വാക്സീന് ഓർഡർ നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിന്റെ ലഭ്യതയ്ക്ക് അനുസരിച്ച് ക്യാംപുകൾ സജ്ജീകരിക്കും. 18 മുതൽ 45 വയസ് വരെയുള്ളവർക്ക് മെയ് ഒന്ന് മുതൽ വാക്സീൻ കൊടുക്കും എന്നാണ് കേന്ദ്രസ‍ർക്കാർ അറിയിച്ചത്.

ഈ വിഭാ​ഗത്തിൽപ്പെട്ട 1.65 കോടിയാളുകൾ കേരളത്തിലുണ്ട്. അതിനാൽ തന്നെ വാക്സീൻ നൽകുന്നതിൽ ക്രമീകരണം വേണം. അനാവശ്യമായ ആശങ്ക ഒഴിവാക്കാൻ സംവിധാനം കൊണ്ടു വരും. രണ്ടോ മൂന്നോ ഘട്ടമായി വാക്സീൻ നൽകാനാണ് ആലോചിക്കുന്നത്. അസുഖമുള്ളവ‍ർക്ക് മുൻ​ഗണനയുണ്ടാവും. ഇതിനുള്ള സംവിധാനമൊരുക്കാൻ വിദ​ഗ്ദ്ധ സമിതിയെ ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

22-Apr-2021