നാടിന്‍റെ നന്മയ്ക്കായി ഒത്തൊരുമിക്കുന്ന ജനത ലോകത്തിന് തന്നെ അഭിമാനം: മുഖ്യമന്ത്രി

കൊവിഡ്-19 പ്രതിരോധ വാക്‌സിൻ സംസ്ഥാനം സ്വന്തമായി വാങ്ങുമെന്ന മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയതിന് പിന്നാലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനകൾ ശക്തമാകുന്നു. ഇതുവരെ ഒരു കോടിയിലധികം രൂപയാണ് സംഭാവനയായി മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് എത്തിയത്.

രണ്ട് ദിവസം കൊണ്ടാണ് ഇത്രയും തുക ലഭ്യമായത്. സർക്കാരിൻ്റെയോ ബന്ധപ്പെട്ട വകുപ്പുകളുടെയോ ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഒന്നുമില്ലാതെയാണ് ആളുകൾ പണമയക്കുന്നത്. സർക്കാർ സ്വന്തമായി വാക്‌സിൻ വാങ്ങുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്‌താവന പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളിലൂടെയുണ്ടായ ക്യാമ്പയ്‌ൻ ആണ് സംഭവാനകൾക്ക് കാരണമായത്.

പ്രതിസന്ധിഘട്ടങ്ങളിൽ നാടിന്‍റെ നന്മക്ക് വേണ്ടി ഒത്തൊരുമിക്കുന്ന ജനത ലോകത്തിന് തന്നെ അഭിമാനമാണ്. വാക്സിൻ വാങ്ങാൻ ജനങ്ങൾ നൽകുന്ന തുക സി.എം.ഡി.ആർ.എഫിൽ പ്രത്യേക അക്കൗണ്ടിലേക്കാണ് സ്വീകരിക്കുക. കൂടുതൽ പേർ ഇതിൽ പങ്കാളികളാകണം. പണമുള്ളവർക്ക് മാത്രം വാക്സിൻ എന്ന നിലപാട് ശരിയല്ല. പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായതോടെ വാക്‌സിൻ ക്ഷാമം ശക്തമായി. ഇതിന് പിന്നാലെയാണ് സംസ്ഥാനങ്ങൾക്ക് വാക്‌സിൻ സ്വന്തം നിലയിൽ പണം മുടക്കി വാങ്ങാമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയത്. ഇതിന് പിന്നാലെയാണ് എന്തു വന്നാലും കേരളത്തിൽ വാക്‌സിൻ സൗജന്യമായിരിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനമുണ്ടായത്.

23-Apr-2021